
കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച പന്മന സ്വദേശി വേണുവിന്റെ (48) കുടുംബത്തിന് ആശ്വാസമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കൊല്ലം പന്മനയിലെ വേണുവിന്റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒക്ടോബര്‍ 31-നാണ് വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് അടിയന്തര ആന്‍ജിയോഗ്രാം നിര്‍ദ്ദേശത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. എന്നാല്‍, ആറ് ദിവസം വരെ കാത്തിരുന്നിട്ടും അടിയന്തര വിദഗ്ധ ചികിത്സകളായ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
ചികിത്സ കിട്ടാതെ ആശുപത്രിക്കുള്ളില്‍ കിടക്കവെ, ‘ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണ്. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും ഇവിടെ രോഗികളെ തിരിഞ്ഞുനോക്കുന്നില്ല’ എന്ന് സുഹൃത്തിന് അയച്ച ശബ്ദസന്ദേശം സംഭവം പുറത്തറിയാന്‍ കാരണമായിരുന്നു. ഈ സന്ദേശം അയച്ച് മണിക്കൂറുകള്‍ക്കകമാണ് വേണു മരണപ്പെട്ടത്. ഇത് സംസ്ഥാന ആരോഗ്യ മേഖലയിലെ ഗുരുതരമായ അനാസ്ഥയുടെ ചിത്രമാണ് പുറത്തുകൊണ്ടുവന്നത്.
ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ കുടുംബാംഗങ്ങള്‍ രമേശ് ചെന്നിത്തലയോട് വിശദീകരിച്ചു. പൊതുജനാരോഗ്യ സംവിധാനത്തിലെ വീഴ്ചയാണ് വേണുവിന്റെ മരണത്തിന് കാരണമായതെന്ന നിലപാടാണ് കുടുംബം പങ്കുവെച്ചത്. കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേര്‍ന്ന ചെന്നിത്തല, വേണുവിന് നീതി ലഭിക്കുന്നതിനായുള്ള തുടര്‍ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ആരോഗ്യമേഖലയിലെ വീഴ്ചകള്‍ക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.