സാങ്കേതിക തകരാർമൂലം മാറ്റിയ ചാന്ദ്രയാൻ 2 വിന്‍റെ വിക്ഷേപണം നാളെ നടക്കും. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ഇന്ന് വൈകിട്ട് 6.45 ന് ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം.
ചന്ദ്രയാൻ 2 മിഷന്‍റെ സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ചതായും വിക്ഷേപണ പരിശീലനം പൂർത്തിയായതായും ബഹിരാകാശ ഏജൻസി അറിയിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ കെ ശിവന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥിതിഗതികൾ വിലയിരുത്തി.
ജൂലൈ 15 നാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്നത്. ജി.എസ്.എൽ.വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക്ക് 3 റോക്കറ്റിലെ സാങ്കേതിക പ്രശ്‌നം മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്. 54 ദിവസമായിരുന്നു ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗിനുള്ള സമയ പരിധി. ഇതിൽ 17 ദിവസം പേടകം ഭൂമിയെ ചുറ്റുന്ന അവസ്ഥയിലും 28 ദിവസം ചന്ദ്രനെ ചുറ്റുന്ന അവസ്ഥയിലുമാണ്. ബാക്കി ദിവസം ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയുള്ള സമയമാണ്. ഇതിൽ ചന്ദ്രനെ ചുറ്റുന്ന ദിവസങ്ങൾ കുറച്ച് സമയക്രമം പാലിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
സെപ്റ്റംബർ 6 ന് ചന്ദ്രയാൻ ചന്ദോപരിതലത്തിൽ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ചാന്ദ്ര ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുന്ന ആദ്യത്തെ ഇന്ത്യൻ പര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ 2. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യക്ക് ഈ ദൗത്യത്തിലൂടെ മാറാൻ സാധിക്കും.