അഴിമതിക്കേസില്‍ SAI ഡയറക്ടര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

അഴിമതിക്കേസിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഡയറക്ടർ എസ്.കെ ശർമ അടക്കം ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, മുതിർന്ന ഉദ്യോഗസ്ഥൻ വി.കെ ശർമ, കരാറുകാരൻ മൻദീപ് അഹൂജ, സഹായി യൂനസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സായ് ആസ്ഥാനത്ത് സി.ബി.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

19 ലക്ഷത്തിന്‍റെ ബിൽ മൂന്ന് ശതമാനം കൈക്കൂലി വാങ്ങി മാറ്റി നൽകാനുള്ള നീക്കത്തെ തുടർന്നാണ് അറസ്റ്റെന്ന് സി.ബി.ഐ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ജവഹർലാൽ നെഹ്‍റു സ്റ്റേ‍ഡിയത്തിലെ സായ് ഓഫിസിലെത്തിയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങുകയായിരുന്നു. പദ്ധതികൾക്ക് അനുമതി നൽകുന്നതിനായി ചില ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സായ് തന്നെയാണ് സി.ബി.ഐയെ സമീപിച്ചതെന്നും വിവരമുണ്ട്. ആറു മാസം മുൻപ് സായ് ഡയറക്ടർ ജനറൽ‌ കേന്ദ്ര കായിക മന്ത്രിയെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നതെന്ന് സായ് അധികൃതർ വ്യക്തമാക്കി. മന്ത്രിയുടെ നിർദേശപ്രകാരം പരാതി സി.ബി.ഐക്ക് അയച്ചു.

ഓഫീസിലെ വൈദ്യുത ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായി സായ് ഡയറക്ടർ ജനറല്‍ നീലം കപൂര്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും സായ് ഇല്ല. അഴിമതിക്കെതിരായുള്ള നടപടികളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. അതേസമയം കേന്ദ്ര നിർദേശപ്രകാരമാണ് നടപടിയെന്ന് കായിക മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് വ്യക്തമാക്കി.

sai
Comments (0)
Add Comment