അമിത് ഷായുടെ പ്രതികാരം… പി ചിദംബരം അറസ്റ്റില്‍

Wednesday, August 21, 2019

പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയായി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ നീക്കം.

അഭ്യൂഹങ്ങള്‍ക്കിടെ പി ചിദംബരം 8.15 ന് എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചതെന്നും തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞ ചിദംബരം ഒരിക്കലും ഒളിച്ചോടില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 8.30 ഓടെ ചിദംബരം വസതിയില്‍ എത്തി.  കപില്‍ സിബലും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ചിദംബരത്തിന്‍റെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീടിന്‍റെ മതില്‍ ചാടിക്കടന്ന് വീട്ടുവളപ്പില്‍ എത്തി. പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സി.ബി.ഐ നീക്കത്തെ തുടര്‍ന്ന് ചിദംബരത്തിന്‍റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തി. ഇതിനിടെ സി.ബി.ഐയുടെ ഒരു വാഹനം ചിദംബരത്തിന്‍റെ വസതിക്കുള്ളിലെത്തി. തുടര്‍ന്ന് 9.45 ഓടെ അറസ്റ്റ് ചെയ്ത് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

അനധികൃതമായി വിദേശനിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നതാണ് ചിദംബരത്തിനെതിരായ കുറ്റമായി സി.ബി.ഐ ആരോപിക്കുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം പ്രതികരിച്ചു. എതിര്‍ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. 2010ല്‍ പി ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിത് ഷാ മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.  അമിത് ഷായുടെ പ്രതികാര നടപടിയാണ് ചിദംബരത്തെ വേട്ടയാടിയതിന് പിന്നിലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.