കശുവണ്ടി പരിപ്പുകൊണ്ട് കൊല്ലം ബീച്ചില്‍ മുഖ്യമന്ത്രിയുടെ മുഖം: ഇതേ പരിപ്പ് വീണ്ടും സംസ്കരിച്ച് വില്‍ക്കാനുള്ള നീക്കം വിവാദത്തില്‍; പാഴാക്കിയത് 2 ലക്ഷത്തിലേറെ രൂപയുടെ പരിപ്പ്

Jaihind Webdesk
Tuesday, December 19, 2023

 

കൊല്ലം: നവകേരള സദസിന്‍റെ പ്രചാരണത്തിനായി കശുവണ്ടിപ്പരിപ്പു കൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം ഒരുക്കിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. കൊല്ലം ബീച്ചിൽ 2 ലക്ഷത്തിലേറെ രൂപ വില വരുന്ന 320 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് ചിത്രം ഒരുക്കിയ ശേഷം ഈ പരിപ്പ് വിപണത്തിന് ഉപയോഗിക്കുവാൻ ശ്രമിക്കുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവം വിവാദമായതോടെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കശുവണ്ടി വികസന കോർപ്പറേഷനും കാപ്പെക്സും ഈ കശുവണ്ടിപ്പരിപ്പ് ഇനി എന്തു ചെയ്യണമെന്നറിയാതെ പുലിവാല് പിടിച്ചിരിക്കുകയാണ്.

കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് കൊല്ലം ബീച്ചിൽ 30 അടി വിസ്തീർണ്ണത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം തീർത്തത്. കലാകാരൻ ഡാവിഞ്ചി സുരേഷ് തീർത്ത മുഖ്യമന്ത്രിയുടെ രൂപമാണ് വിവാദമായത്. കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സും നൽകിയ 2 ലക്ഷത്തിലേറെ രൂപ വില വരുന്ന 320 കിലോഗ്രാം കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ചായിരുന്നു ചിത്രം ഒരുക്കിയത്. കശുവണ്ടി പരിപ്പ് വിവിധ നിറഭേദങ്ങളിൽ റോസ്റ്റ് ചെയ്താണ് ഇതിനായി ഉപയോഗിച്ചത്. ചിത്ര നിർമ്മാണം പൂർത്തിയാക്കി ഇത് പ്രദർശിപ്പിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്ത ശേഷം കശുവണ്ടി പരിപ്പ് വീണ്ടും സംസ്കരിച്ച് വിപണനം ചെയ്യാനായി കശുവണ്ടി വികസന കോർപ്പറേഷന്‍റെ ഫാക്ടറിയിലേക്ക് മാറ്റിയിരുന്നു. ഈ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു.

കശുവണ്ടി വികസന കോർപ്പറേഷന്‍റെയും കാപെക്സിന്‍റെയും കശുവണ്ടി പരിപ്പിന്‍റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇതോടെ ഇത് വിപണനം ചെയ്യാനുള്ള നീക്കത്തിൽ നിന്നും കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സും പിന്മാറി. എന്നാൽ ഈ കശുവണ്ടി പരിപ്പ് ഇനി എന്തു ചെയ്യണം എന്നറിയാതെ പുലിവാല് പിടിച്ചിരിക്കുകയാണ് ഇരു കൂട്ടരും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടയിലാണ് 2 ലക്ഷം രൂപയുടെ കശുവണ്ടി പരിപ്പ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗശൂന്യമാക്കി കശുവണ്ടി വികസന കോർപ്പറേഷനും കാപെക്സും
ഗുരുതരമായ കൃത്യവിലോപം കാട്ടിയിരിക്കുന്നത്.