കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസ് ആയ ഷാജുവിന്റെ ഭാര്യ സിലി വധക്കേസിലെ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് 1200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സിലിയെ ദന്താശുപത്രിയിൽ വെച്ചു സയനൈഡ് നൽകിയാണ് കൊലപ്പെടുത്തിയത്. കേസിൽ 165 സാക്ഷികൾ ഉണ്ട്.
2016 ജനുവരി 11നാണ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരണപ്പെടുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് നൽകി കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതി ജോളി ജോസഫ്, എം.എസ് മാത്യു, എന്നിവരാണ് കേസിലെ മൂന്നു പ്രതികൾ. സിലിയുടെ ഭർത്താവ് ഷാജുവിന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷാജുവിനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിലിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരണത്തിനു ശേഷം സിലിയുടെ സ്വർണ്ണാഭരണങ്ങൾ ജോളി സ്വന്തമാക്കിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സിലിയുടെ സഹോദരനും സഹോദരിയും ഷാജുവുമാണ് ആദ്യ മൂന്നു സാക്ഷികൾ. സിലിയുടെ മരണ സമയത്തു അടുത്തുണ്ടായിരുന്ന മകന്റെ മൊഴിയും കേസിൽ നിർണായകമാണ്. 192 രേഖകളാണ് കേസിനു വേണ്ടി ഹാജരാക്കിയത്. സിലിയുടെ മകളായ ആൽഫിന്റെ മരണത്തിലും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എസ്പി കെ.ജി സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.