കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളിക്ക് സി.പി.എം നേതാവിന്‍റെ സഹായം : മുഖം രക്ഷിക്കല്‍ ശ്രമവുമായി സി.പി.എം

Jaihind Webdesk
Monday, October 7, 2019

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് സി.പി.എം ബന്ധമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖം രക്ഷിക്കല്‍ ശ്രമവുമായി സി.പി.എം.  ആരോപണം നേരിട്ട  കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുഖ്യപ്രതി ജോളിയെ വ്യാജ വില്‍പത്രമുണ്ടാക്കാന്‍ സഹായിച്ചതും, ജോളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നതും തെളിഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ മനോജിനെതിരെ നടപടി സ്വീകരിക്കാന്‍ സി.പി.എം നിർബന്ധിതരായത്.

വ്യാജ ഒസ്യത്ത് തയാറാക്കാന്‍ ജോളിയെ മനോജ് സഹായിച്ചതായും സാക്ഷിയായി ഒപ്പിട്ടതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജോളിയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും തെളിഞ്ഞു. ജോളിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ മനോജിന് 1 ലക്ഷം രൂപ മനോജിന് നല്‍കിയതായുള്ള രേഖകള്‍ കണ്ടെടുത്തിരുന്നു.  മനോജിന്‍റെ ചെക്കും ഇവിടെനിന്ന് കണ്ടെടുത്തു. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ്സി.പി.എം പ്രാദേശികനേതാവിന്‍റെ പങ്കിലേക്ക് വിരല്‍ചൂണ്ടിയത്. കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരില്‍ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവർ സാക്ഷികളായി വ്യാജ വില്‍പത്രത്തില്‍ ഒപ്പുവെച്ചതാണ് അന്വേഷണസംഘത്തിന് സംശയമുളവാക്കിയത്. പോലീസ് മനോജിനെ ചോദ്യം ചെയ്തതിന് പിന്നാലെ ജോളി ഇയാളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നതായും വിവരമുണ്ട്.

കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയില്‍ സി.പി.എം പ്രാദേശിക നേതാവിന്‍റെ പേര് ആരോപണ വിധേയമായ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള നടപടിയുമായി ജില്ലാ കമ്മിറ്റി രംഗത്തെത്തുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മനോജിനെ പുറത്താക്കുന്നതായി കാട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി. സംഭവത്തിലെ മുഖ്യ പ്രതി ജോളിക്ക് ഭരണകക്ഷിയിലെ ജില്ലയിലെ ഉന്നതനേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.