ന്യൂഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. കേന്ദ്രമന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് അംഗീകരിച്ചു. രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.
മുത്തലാഖ് കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്ന ബില്‍ കഴിഞ്ഞവര്‍ഷം ലോക്സഭ പാസാക്കിയിരുന്നു. മുസ്ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഇന്‍ മാരേജ് ആക്റ്റാണ് ലോക്സഭ പാസാക്കിയ ബില്‍. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കിയത്. ബില്ലിലെ വ്യവസ്ഥകള്‍ തന്നെയാണ് ഓര്‍ഡിനന്‍സിലുമുള്ളത്.
https://www.youtube.com/watch?v=1hP_7e0Ndv8
രാജ്യസഭയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ സാധിക്കാതിരുന്നത്. ബില്‍ പാര്‍ലമെന്‍റിന്‍റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബില്ലില്‍ വിശദമായ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മതപണ്ഡിതന്മാരുടെ അഭിപ്രായം തേടണമെന്ന് ചില പാര്‍ട്ടികള്‍ നിലപാടെടുത്തിരുന്നു. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ പ്രതികരണം തേടിയിരുന്നു.
ഭര്‍ത്താവ് തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലിയെന്ന് ഭാര്യയോട് പറയുന്ന രീതിയാണ് മുത്തലാഖ്. ഇനി ഇങ്ങനെ ചെയ്താല്‍ മൂന്ന് വര്‍ഷം ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ പറയുന്നത്. കൂടാതെ പിഴ ശിക്ഷയും ലഭിക്കും. 2017 ഓഗസ്റ്റില്‍ മുത്തലാഖ് നിയമവിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി വിധിയെ തങ്ങള്‍ സ്വാഗതം ചെയ്തതാണെന്നും വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ ബില്‍ തയാറാക്കിയത്.