വടക്ക് കിഴക്കന്‍ മേഖലയെ വംശീയമായി ഇല്ലാതാക്കാനുള്ള നീക്കം ; പൗരത്വ ബില്ലിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, December 11, 2019

പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. വടക്ക് കിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സർക്കാരിന്‍റെ ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനതയോടുള്ള കുറ്റകരമായ ആക്രമണമാണ്. ഇന്ത്യയുടെ ആശയത്തോടും വടക്ക് കിഴക്കന്‍ മേഖലയിലെ ജനതയുടെ ജീവിതരീതിയോടുമുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ ജനങ്ങളോടൊപ്പമുണ്ടെന്ന പറഞ്ഞ രാഹുല്‍ ഗാന്ധി, വടക്ക് കിഴക്കന്‍ മേഖലയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‌ലീം ഇതര വിഭാഗങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ ജനാധിപത്യ സിദ്ധാന്തങ്ങള്‍ക്ക് എതിരും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. 240 അംഗ രാജ്യസഭയില്‍ നിലവില്‍ എന്‍.ഡി.എയ്ക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷ ചേരിയിലെ അംഗബലം 134 ആണ്.