മതേതരത്വം സംരക്ഷിക്കാന്‍ പോരാടിയ ധീരരക്തസാക്ഷി രാജീവ് ഗാന്ധിയെ തേജോവധം ചെയ്യുന്ന നരേന്ദ്ര മോദി രാജ്യത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ആം രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവിന്‍റെ ഘാതകനായ നാഥുറാം ഗോഡ്സയെ ആരാധിക്കുന്നവര്‍ തന്നെയാണ് രാജീവ് ഗാന്ധിയെ ഇകഴ്ത്താന്‍ ശ്രമിക്കുന്നതും. ആധുനിക ഇന്ത്യയെ നയിക്കാന്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. അടിമത്തത്തില്‍ കിടന്ന ഭാരതത്തിന് വ്യാവസായിക വിപ്ലവം നഷ്ടമായെങ്കില്‍ 21-ആം നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പ്രയത്നിച്ച ഭാവനാ സമ്പന്നനായിരുന്ന നേതാവാണ് രാജീവ് ഗാന്ധി. യുവാക്കളെ രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും കൊണ്ടുവരുന്നതില്‍ രാജീവ് ഗാന്ധി നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.