അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന പരസ്യവുമായി പാക് ടെലിവിഷന്‍; പ്രതിഷേധം

Jaihind Webdesk
Tuesday, June 11, 2019

Abhinandan-Jazz-TV

ലോകകപ്പ് ക്രിക്കറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന പരസ്യവുമായി പാകിസ്ഥാന്‍ ടി.വി ചാനല്‍. ഇന്ത്യ-പാകിസ്ഥാന്‍‌ മത്സരത്തിന് മുന്നോടിയായി ജാസ് ടി.വി ചെയ്ത പരസ്യമാണ് വിവാദമായത്.

ജൂണ്‍ 16 ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ജാസ് ചാനല്‍ പരസ്യം ഒരുക്കിയിരിക്കുന്നത്. അഭിനന്ദനോട് മുഖസാദൃശ്യമുള്ള, അഭിനന്ദന്‍ മീശ വെച്ച ആളെയാണ് ടി.വി ചാനല്‍ പരസ്യത്തില്‍ കാണിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പ് ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലാണ് പരസ്യം.  പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടെ പാക് സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട അഭിനന്ദന്‍ വര്‍ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്നതു പോലെ തന്നെയാണ് ടി.വിയിലെ പരസ്യവും.

ടോസ് കിട്ടിയാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് ‘സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല’ എന്ന് അഭിനന്ദനുമായി സാദൃശ്യമുള്ളയാള്‍ പറയുന്നു. പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചോദ്യത്തിനും ‘ക്ഷമിക്കണം ഉത്തരം പറയാനാവില്ലെ’ന്ന്മറുപടി. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ‘ചായ വളരെ നന്നായിരിക്കുന്നു’ എന്ന് മറുപടി. തുടര്‍ന്ന് ഇദ്ദേഹത്തിന് പോകാന്‍ അനുമതി  നല്‍കുന്നു. കപ്പുമായി പോകാന്‍ എഴുന്നേല്‍ക്കുമ്പോള്‍ കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്നുപറഞ്ഞ് ബലമായി പിടിച്ചുവാങ്ങുകയും ചെയ്യുന്നതാണ് പരസ്യം. ഇത്തവണ കപ്പ് നമുക്ക് എന്ന ഹാഷ് ടാഗോടെയാണ് പരസ്യം അവസാനിക്കുന്നത്.

കപ്പ് പാകിസ്ഥാനുതന്നെ എന്നതാണ് പരസ്യത്തിലൂടെ ജാസ് ചാനല്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ സൈനികനെയും അതിലൂടെ ഇന്ത്യയെയും പരിഹസിക്കുകയാണ് പാക് ചാനല്‍ ചെയ്യുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.