ബൊക്കോ ഹറാം തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അബുജ : നൈജീരിയൻ ഭീകരസംഘടനയായ ബൊക്കോ ഹറാമിന്‍റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മെയ് 18ന് ഉണ്ടായ ബോംബ് സ്ഫോടനത്തിലാണ് മരണം സംഭവിച്ചതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്‌റ്റ് ആഫ്രിക്കൻ പ്രൊവിൻസ് (ഐഎസ്‌ഡബ്ല്യുഎപി) സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്‌തു. എന്നാല്‍ നൈജീരിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ബൊക്കോ ഹറാമും ഐഎസ്‌ഡബ്ല്യുഎപിയും തമ്മിൽ വർഷങ്ങളായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇരു ഭീകരസംഘടനകളും മേയ് 18ന് തമ്മിൽ നടത്തിയ പോരാട്ടത്തിൽ ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നു. അതേസമയം സ്ഫോട വസ്തു പൊട്ടിച്ച് അബൂബക്കർ സെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയയിൽ 2014ൽ സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണ് ബൊക്കോ ഹറാം കുപ്രസിദ്ധി നേടിയത്. ഇവരുടെ ആക്രമണത്തിൽ ഇതുവരെ 30,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്‌തതായിട്ടാണ് റിപ്പോർട്ട്.

അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ മുമ്പും പുറത്തുവന്നതിനാൽ വാർത്തകൾ സ്ഥിരീകരിക്കാൻ നൈജീരിയൻ സൈന്യം തയാറായിട്ടില്ല.  എന്താണ് സംഭവിച്ചതെന്ന് സൈന്യം അന്വേഷിക്കുകയാണെന്ന് കരസേന വക്താവ് ബ്രിഗ് ജനറൽ മുഹമ്മദ് യെറിമ വ്യക്തമാക്കി. അന്വേഷണം നടത്തിയ സ്ഥിരീകരണം ഉണ്ടായാൽ മാത്രമേ പ്രതികരിക്കൂ എന്നാണ് സൈന്യം പറയുന്നത്.

Comments (0)
Add Comment