സ്ത്രീസുരക്ഷ വാക്കില്‍ മാത്രം; പിണറായി സര്‍ക്കാരിന് അക്രമികളെ സംരക്ഷിക്കുന്ന നിലപാട്

Jaihind Webdesk
Saturday, May 25, 2019

സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടതുസർക്കാർ അധികാരത്തിലേറി മൂന്ന് വർഷം തികഞ്ഞിട്ടും സ്ത്രീ സുരക്ഷ വാക്കിൽ മാത്രം ഒതുങ്ങുകയാണ്. ശബരിമല യുവതീ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാട് തെരെഞ്ഞെടുപ്പ് തോൽവിയോടെ വലിയ ചോദ്യ ചിഹ്നമായി സർക്കാരിന് മുന്നിൽ ഉയരുകയാണ്.

സ്ത്രീ സുരക്ഷ മുൻനിർത്തി ഇടതുസർക്കാർ അധികാരത്തിലേറി മൂന്ന് വർഷം തികയുമ്പോൾ സ്ത്രീ വിരുദ്ധ നയങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പീഡന പരാതികളിൽപെട്ട, സർക്കാരിന്‍റെ ഭാഗമായ എം.എൽ.എയെ പോലും പുറത്താക്കാൻ ചങ്കൂറ്റം കാണിക്കാത്ത പിണറായി സർക്കാർ സാംസ്കാരിക കേരളത്തിന് തന്നെ അപമാനമായി മാറുകയായിരുന്നു.

ലൈംഗിക പീഡന പരാതി നിലനിൽക്കവെ പാർട്ടിയുടെ പ്രചരണ ജാഥയ്ക്ക് നേതൃത്വം കൊടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് പി.കെ ശശി എം.എൽ.എയെ സി.പി.എം ഏൽപിച്ചത്. പീഡനപരാതി പാർട്ടി അന്വേഷിക്കട്ടെ എന്ന സി.പി.എം നയത്തിന് മൗനാനുവാദം നൽകിയ ഇടതുസർക്കാർ ഒരിടത്തും സ്ത്രീ സംരക്ഷണം എന്ന മുദ്രാവാക്യത്തിന് ഉറപ്പ് നൽകിയില്ല. നവോത്ഥാനത്തിന്‍റെ പേരിൽ കേരള ജനതയെ വഞ്ചിച്ച ഇടതുസർക്കാർ നയം ജനം തിരിച്ചറിഞ്ഞു എന്ന സത്യം പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു.

2019 ജനുവരി 1ന് നടത്തിയ വനിതാ മതിൽ എന്ന് ആശയം വെറും ഒരു പ്രഹസനമായി മാറി. ഇടതുസർക്കാർ വീഴ്ചയുടെ തുടർ പരമ്പര ആവർത്തിച്ചപ്പോൾ സത്യസന്ധമായ ജോലിചെയ്ത ചൈത്ര തെരേസ ജോണിന് പാർട്ടി ഓഫീസ് റെയ്ഡ് ചെയ്തതിന്‍റെ പേരിൽ നേരിടേണ്ടിവന്നത് മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും മൂർച്ചയുള്ള വിമർശനങ്ങളാണ്. കേരളത്തെ ഞെട്ടിച്ച് നടിയുടെ പീഡന പരാതി പുറത്തുവന്നപ്പോൾ കസ്റ്റഡിയിലെടുത്ത പ്രതിയെ സഹായിക്കുന്ന ഇടത് സർക്കാരിന്‍റെ നിലപാട് ഹൈക്കോടതി പോലും ചോദ്യം ചെയ്യുന്ന ലജ്ജാവഹമായ സാഹചര്യവുമുണ്ടായി.

പിണറായി സർക്കാർ ലിംഗസമത്വത്തിന് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും നിലകൊള്ളുന്നു എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും പെൺകുട്ടികൾക്ക് കേരളത്തിൽ നേരിടേണ്ടിവരുന്നത് പീഡനങ്ങളുടെയും ആക്രമണങ്ങളുടെയും തുടർപരമ്പരയാണ്. സ്ത്രീശാക്തീകരണവും സുരക്ഷയും ഒക്കെ വാക്കുകളിൽ ഒതുങ്ങുമ്പോൾ സർക്കാർ കേരള ജനതയെവിഡ്ഡികളാക്കുന്നുവെന്ന വസ്തുതയാണ് പുറത്തു വരുന്നത്.