ജനസേവനമല്ല, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം; ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേട്: രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജനങ്ങള്‍ തെരഞ്ഞെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ച ബിജെപി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനങ്ങളെ സേവിക്കുന്നതിലല്ല, മറിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നതില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധയെന്ന് മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.

ജനാധിപത്യ ഇന്ത്യക്ക് മൊത്തം നാണക്കേടാണ് മഹാരാഷ്ട്രയിലെ ബിജെപി നടപടിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ എന്ത് വിലകൊടുത്തും ഏത് മാര്‍ഗത്തിലും നേരിട്ടോ അല്ലാതെയോ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. 2014 മുതല്‍ ഗവര്‍ണര്‍മാരെയും കേന്ദ്ര ഏജന്‍സികളെയും ബിജെപി ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനം മാത്രമല്ല, മറിച്ച് ബിജെപിയുടെ ആശയങ്ങള്‍ക്ക് എതിരെ വോട്ട് ചെയ്ത ജനങ്ങളോടുമുള്ള അവഹേളനമാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് സാധാരണമായിക്കഴിഞ്ഞു. ‘കുതിരക്കച്ചവടത്തിനും ജിഎസ്ടി’ എന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് നാക്കുപിഴയാണെങ്കിലും സത്യമാണെന്ന് ജയ്റാം രമേശ് പരിഹസിച്ചു. പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന  ശ്രമങ്ങളെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നതായും ജയ്റാം രമേശ് പറഞ്ഞു.

Comments (0)
Add Comment