ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബി ജെ പി കടുത്ത സമ്മർദത്തിലാണെന്ന് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബിഹാറിൽ സീറ്റുകൾ തുല്യമായി പങ്കിട്ടു മത്സരിക്കാൻ സഖ്യ കക്ഷിയായ ജനതാദൾ (യു)വുമായി ധാരണയിലെത്തിയത് ബി ജെ പി ചക്രശ്വാസം വലിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും പൈലറ്റ് പറഞ്ഞു.
അധികാര ഭാവമാണ് ബി ജെ പി സഖ്യ കക്ഷികളോടു കാണിക്കുന്നതെന്ന് പൈലറ്റ് ആരോപിച്ചു. ബി ജെ പി കടുത്ത സമ്മർദത്തിലാണെന്ന് ബീഹാറിലെ സീറ്റ് ധാരണ സ്ഥിരീകരിക്കുന്നു. ടി ഡി പിയും ഉപേന്ദ്ര കുശ്വാഹയും എൻ ഡി എ വിട്ടു. ശിവസേനയും ഇപ്പോൾ കൂടെയില്ല. ഇതോടെയാണ് രണ്ട് എം പിമാർ മാത്രമുള്ള ജെ ഡി (യു) വിന് 17 സീറ്റുകൾ നൽകാൻ അവർ നിർബന്ധിതരായത്. അരക്ഷിതാവസ്ഥക്ക് ഇതിൽപരമൊരു തെളിവ് എന്താണു വേണ്ടതെന്നും പൈലറ്റ് ചോദിച്ചു.
ആന്ധ്ര പ്രദേശിനു പ്രത്യേക പദവി നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ ചന്ദ്രബാബു നായിഡുവിന്‍റെ ടി ഡി പി എൻ ഡി എ ബന്ധം അവസാനിപ്പിച്ചത്. പല വിഷയങ്ങളിലും ബി ജെ പിയുമായി കൊമ്പു കോർക്കുന്ന ശിവസേന വരുന്ന തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സഖ്യകക്ഷിയായിരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ജനുവരിയിൽ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.