മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി: ഇന്ത്യയിലെ യുവാക്കളുടെയും കര്‍ഷകരുടെയും ശക്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി മനസ്സിലാക്കും

Jaihind Webdesk
Wednesday, January 9, 2019

ജയ്പൂര്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ കര്‍ഷകരുടെയും യുവാക്കളുടെയും ശക്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസ്സിലാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജയ്പൂരില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി.  രാജസ്ഥാനിലെ വിജയം രാഹുല്‍ഗാന്ധിയുടെ വിജയമല്ല, കോണ്‍ഗ്രസിന്റെ വിജയമല്ല. ജനങ്ങളുടെ വിജയമാണ്. കോണ്‍ഗ്രസില്‍ യജമാനന്‍മാരില്ല, കോണ്‍ഗ്രസ് ജനങ്ങളുടേതാണ്. ആ ജനങ്ങളുടെ ശക്തിയിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും – രാഹുല്‍ഗാന്ധി വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ഷകര്‍ക്ക് എന്ത് ലഭിച്ചു? യുവാക്കാള്‍ക്ക് എന്ത് ലഭിച്ചു? ചെറുകിട വ്യാപാരികള്‍ക്ക് എന്ത് ലഭിച്ചു? ലഭിച്ചത് അനില്‍ അംബാനിക്കും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് മാത്രമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 30000 കോടിരൂപയാണ് രാജ്യത്ത് അംബാനിക്കുവേണ്ടി മോദി രാജ്യത്തിന്റെ പണം കൊള്ളയടിച്ചുകൊടുത്തത്. പാതിരാത്രിക്ക് എന്തിനായിരുന്നു സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. റാഫേല്‍ അഴിമതിയുടെ ഫയല്‍ പരിശോധിക്കാന്‍ തുനിഞ്ഞപ്പോഴായിരുന്നു. എന്നാല്‍, പരമോന്നത കോടതി അദ്ദേഹത്തെ വീണ്ടും സി.ബി.ഐ ഡയറക്ടറാക്കിയിരിക്കുകയാണ്.

പറയുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. അതിന്റെ ഉദാഹരണമാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത്. 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി റാഫേല്‍ ചര്‍ച്ച പാര്‍ലമെന്റില്‍ നടന്നപ്പോള്‍ ഒരു മിനിട്ടുപോലും പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ല. റാഫേല്‍ ഇടപാടിനെക്കുറിച്ച് നേരിട്ട് സംവാദത്തിന് ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് റാഫേല്‍ അഴിമതിയില്‍ അദ്ദേഹത്തിന്റെ വ്യക്തമായ പങ്കാണ്. വരും ദിവസങ്ങളില്‍ റാഫേലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.