കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: മുല്ലപ്പള്ളി

Jaihind Webdesk
Thursday, July 11, 2019

Mullappally-2

കര്‍ണ്ണാടകത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനാധിപത്യ മതേതര സര്‍ക്കാരിനെ കോടികള്‍ വലിച്ചെറിഞ്ഞും അധികാരം ദുരുപയോഗിച്ചും അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടാണ് ഈ നീക്കം നടത്തുന്നത്. ഇത് ആറാം തവണയാണ് കര്‍ണ്ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ മതേതര സര്‍ക്കാരിനെ എന്തുവിലക്കൊടുത്തും താഴെയിറക്കി ബിജെപിയുടെ വര്‍ഗീയ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ഫെഡറല്‍ സംവിധാനത്തില്‍ ദുരുപയോഗം ചെയ്യുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറു സംസ്ഥാന ഭരണകൂടങ്ങളെയാണ് അധികാര ദുര്‍വിനയോഗത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും പുറത്താക്കിയത്. ഗവര്‍ണ്ണര്‍മാരുടെ പദവി പോലും ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

കര്‍ണ്ണാടക മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബൈയില്‍ അറസ്റ്റ് ചെയ്യുകയും പാര്‍ലമെന്‍റില്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത് ഉത്തരവാദിത്തപ്പെട്ട ഒരു സംസ്ഥാന മന്ത്രിക്ക് പോലും സ്വതന്ത്രവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശം ഹനിക്കുന്ന നടപടിയാണ്. ഫാസിസ്റ്റ് ഭരണകൂടത്തില്‍ മാത്രം കേട്ട്കേള്‍വിയുള്ള നടപടികളാണിത്. അത്യന്തം ആപല്‍ക്കരമായ ഈ നീക്കം ജനാധിപത്യ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണ്.

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ ബി.ജെ.പി ഇതര സര്‍ക്കാരുകളെയെല്ലാം താഴെയിറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ താഴെയിറക്കാന്‍ പതിനെട്ടടവും ബി.ജെ.പി പയറ്റുന്നു. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുല്ലപ്പള്ളി ആഹ്വാനം ചെയ്തു.