മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല : ശിവസേനക്കെതിരെ അമിത് ഷാ

Jaihind Webdesk
Wednesday, November 13, 2019

Amit-Shah

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ ശിവസേനക്കെതിരെ പരസ്യ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആദ്യം മുതല്‍തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെ.പി ഉയർത്തിക്കാട്ടിയിരുന്നത് ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ ആയിരുന്നുവെന്നും ശിവസേനയാണ് വാക്ക് തെറ്റിച്ചതെന്നും അമിത് ഷാ തുറന്നടിച്ചു.

“തെരഞ്ഞെടുപ്പിന് മുമ്പ് ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നത് നമ്മുടെ സഖ്യം ജയിക്കുകയാണെങ്കില്‍ ദേവേന്ദ്ര ഫഡ്നാവിസ് ആയിരിക്കും മുഖ്യമന്ത്രി എന്നാണ്. അന്ന് ശിവസേനയ്ക്ക് യായൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ അവര്‍ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവുന്നതല്ല ” – അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ തിടുക്കപ്പെട്ട് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന ആക്ഷേപത്തിലും അമിത് ഷാ പ്രതികരിച്ചു. ഗവർണര്‍ എല്ലാവർക്കും സമയം അനുവദിച്ചെന്ന് പറഞ്ഞ അമിത് ഷാ ഇടക്കാല തെരഞ്ഞെടുപ്പിനോട് യോജിപ്പില്ലെന്നും പ്രതികരിച്ചു.