
ദൃശ്യ വധക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുചാടി നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ് വലയുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ ശുചിമുറിയുടെ ചുമര് തുരന്നാണ് വിനീഷ് അതിസാഹസികമായി രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഇതുവരെ വിനീഷിനെ കണ്ടെത്താനായിട്ടില്ല.
വിനീഷ് സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. പ്രതിയുടെ സ്വദേശമായ പെരിന്തല്‍മണ്ണയിലോ ബന്ധുക്കളുടെ അടുത്തോ ഇയാള്‍ എത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുറത്തുനിന്നുള്ള ആരുടെയും സഹായം വിനീഷിന് ലഭിച്ചിട്ടില്ലെന്നാണ് സൂചനയെങ്കിലും ഇത്രയും ദിവസം ഇയാള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരുന്ന വിനീഷിനെ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ പത്തിന് കുതിരവട്ടത്തെത്തിച്ചത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ തടവുചാടുന്നത് എന്നത് സുരക്ഷാ സംവിധാനങ്ങളിലെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ജനങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം.