യുവതിയുടെ പീഡന പരാതി : ബിനോയ് കോടിയേരിക്ക് ഇന്ന് ഡി.എന്‍.എ പരിശോധന

Jaihind Webdesk
Tuesday, July 30, 2019

Binoy-Kodiyeri

യുവതിയുടെ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് ഇന്ന് ഡി.എൻ.എ പരിശോധന. ബോംബൈ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. തനിക്കെതിരെയുളള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹർജിയിലായിരുന്നു നിർദേശം.

തനിക്കെതിരെയുള്ള പീഡന പരാതി സംബന്ധിച്ച എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ ഡി.എൻ.എ പരിശോധനയ്ക്ക് രക്തസാമ്പിൾ നല്‍കുവാൻ ബിനോയ് കോടിയേരി തയാറാകുന്നില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രക്തസാമ്പിൾ എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ, നല്‍കുവാൻ തയാറാണെന്നാണ് ബിനോയ് പറഞ്ഞത്.

എട്ട് വയസുകാരന്‍റെ പിതൃത്വനിർണയത്തിനാണ് ഡി.എൻ.എ പരിശോധന. നേരത്തെ രക്തസാമ്പിൾ നൽകാൻ ബിനോയ് സമ്മതമറിയിച്ചെങ്കിലും പിന്നീട് ആരോഗ്യകാരണം പറഞ്ഞ് സാവകാശം തേടുകയായിരുന്നു. പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറണമെന്ന് അന്വേഷണസംഘത്തോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കേസിൽ പരാമർശിച്ചിരിക്കുന്ന യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. യുവതിയുടെ അഭിഭാഷകൻ ബിനോയ് കോടിയേരിക്കെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി. ഇതിൽ വിശദീകരണം നല്‍കാൻ കൂടുതൽ സമയം വേണമെന്ന് ബിനോയ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

https://www.youtube.com/watch?v=FopNJLi1174