ബെന്നി ബെഹനാന്‍ – ഊര്‍ജസ്വലതയുടെ പ്രതീകം

Jaihind Webdesk
Thursday, September 20, 2018

യു.ഡി.എഫ് കൺവീനറായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാന്‍ നിയമിതാനാകുമ്പോൾ കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫ് രാഷ്ട്രീയത്തിനും ഊർജസ്വലതയുടെ പുതിയ മുഖമായി മാറാൻ അദ്ദേഹത്തിന് കഴിയും. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളം ബെന്നി ബഹനാനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുമുണ്ട്. നീണ്ടകാലത്തെ ചടുലമായ രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ ഉടമയായ ബെന്നിയിലൂടെ യു.ഡി.എഫ് കുടുതൽ കെട്ടുറപ്പിലേക്കും കരുത്തു തെളിയിക്കുന്ന പ്രവർത്തനത്തിലേക്കും നീങ്ങും.

കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ബെന്നി ബെഹനാൻ നിലവിൽ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതിയംഗമാണ്.

1978ല്‍ കെ.എസ്.യു പ്രസിഡന്‍റായ അദ്ദേഹം 79-ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 1981 കെ.പി.സി.സി എക്‌സിക്യൂട്ടീവംഗമായ അദ്ദേഹം 82-ൽ പിറവത്ത് നിന്നും നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

1996 മുതൽ എ.ഐ.സി.സി അംഗമായ അദ്ദേഹം 2006ൽ പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ എം.ഡിയുമായി. 2011ൽ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മികച്ച പ്രവർത്തമാണ് കാഴ്ചവെച്ചത്.

മികച്ച സംഘാടകശേഷിയുള്ള ബെന്നി ബെഹനാനെ യു.ഡി.എഫിന്‍റെ തലപ്പത്തേക്ക് നിയോഗിക്കുക വഴി സംസ്ഥാനത്തെ യു.ഡി.എഫിന്റെ പ്രവർത്തനവും കൂടുതൽ ചടുലമാകും.