കെ.എം ചാണ്ടിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം; അനുസ്മരിച്ച് നേതാക്കള്‍| VIDEO

Jaihind News Bureau
Thursday, August 6, 2020

തിരുവനന്തപുരം: സമുന്നത കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ അധ്യക്ഷനും  ഗവര്‍ണറുമായിരുന്ന  കെ.എം ചാണ്ടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷത്തിന്‍റെ  ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  നിർവ്വഹിച്ചു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മാതൃകയായിരുന്ന വ്യക്തിയായിരുന്നു കെ.എം ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് മറക്കാൻ കഴിയാത്ത വ്യക്തിയാണ് കെ.എം ചാണ്ടി. കേരള രാഷ്ട്രീയത്തിൽ സ്വന്തമായൊരിടം സമ്മാനിച്ച് കടന്നു പോയ അതുല്യ പ്രതിഭയാണ് അദ്ദേഹമെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രൊഫ. കെ.എം.ചാണ്ടിയുടേത് സുതാര്യവും സത്യസന്ധവുമായ ജീവിതമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പ്രത്യേക താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അന്നത്തെ കെ‌.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രചോദനമായിരുന്ന വ്യക്തിയായിരുന്നു  കെ.എം ചാണ്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു.

കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും ശക്തിപ്പെടുത്താൻ ഏറ്റവും അധികം സംഭാവന ചെയ്ത നേതാവാണ് കെ.എം.ചാണ്ടി എന്നും അദ്ദേഹത്തിന്‍റെ ഓർമ്മകൾ കൂടുതൽ ആവേശത്തോടു കൂടി പ്രവർത്തിക്കാൻ കോൺഗ്രസിന് തുണയാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

മുൻ കെ.പി.സി.സി. പ്രസിഡന്‍റുമാരായ  വി.എം.സുധീരൻ, എം.എം.ഹസ്സൻ, കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ്, കെ.പി സി സി വൈസ് പ്രസിഡൻ്റുമാരായ ജോസഫ് വാഴക്കൻ, മൺവിള രാധാകൃഷ്ണൻ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട് രവി, കെ.പി അനിൽ കുമാർ, ഡി.സി.സി പ്രസിഡന്‍റുമാരായ നെയ്യാറ്റിൻകര സനൽ, ബിന്ദു കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

https://www.facebook.com/JaihindNewsChannel/videos/1720925094712227