കുഞ്ഞനന്തന്റെ പരോള്‍ നിയമം തകിടംമറിച്ച്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, October 31, 2018

ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് നിയമങ്ങളും ജനാധിപത്യമര്യാദകളും കാറ്റില്‍പ്പറത്തിയാണ് തുടര്‍ച്ചയായി പരോള്‍ നല്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള കണ്ണൂര്‍ ലോബിയും ചേര്‍ന്നാണ് നിയമവ്യവസ്ഥയെ പിച്ചിച്ചീന്തുന്നത്. സിപിഎമ്മുകാരായ രാഷ്ട്രീയകൊലപാതകികള്‍ക്ക് ജയിലിന്റെ ആവശ്യമില്ലെന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ കേരളം ഇതുകണ്ട് ലജ്ജിച്ചു തലതാഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

45 ദിവസമാണ് ഇത്തവണ കുഞ്ഞനന്തന് സര്‍ക്കാര്‍ പരോള്‍ നല്കിയത്. 10 ദിവസത്തെ പരോളിനു പോയ കുഞ്ഞനന്തന് 15 ദിവസം വീതം രണ്ടു വട്ടം പരോള്‍ നീട്ടി നല്കി. വീണ്ടും അഞ്ചു ദിവസം കൂടി നല്കിയതോടെ പരോള്‍ ദിനങ്ങള്‍ 45 ആയി ഉയര്‍ന്നു. 2014 ജനുവരിയില്‍ ജീവപര്യന്തം ശക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ പരോള്‍ 389 ദിവസമായി. ഇനിയും നീട്ടിക്കൊടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷത്തിലധികം കുഞ്ഞനന്തന്‍ വീട്ടിലിരുന്നു.

പ്രായപരിഗണന നല്കി കുഞ്ഞനന്തനെ ശിക്ഷാ ഇളവു നല്കി വിട്ടയയ്ക്കാനുള്ള ശ്രമം ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ ഇടപെടല്‍ കാരണം പൊളിഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞനന്തന് ആജീവനാന്ത പരോള്‍ നല്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കിയത്. അടിയന്തര പരോളിന് അര്‍ഹരായ ആയിരക്കണക്കിന് ആളുകള്‍ കാത്തിരിക്കുമ്പോഴാണ് ആഭ്യന്തരവകുപ്പ് വളഞ്ഞ വഴികളിലൂടെ കുഞ്ഞനന്തന് പരോള്‍ നല്കുന്നതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.