പി വി അൻവറിന് തിരിച്ചടി;  റിസോർട്ടിലെ നാല്  തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി

Jaihind Webdesk
Thursday, February 2, 2023

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ  റിസോർട്ടിലെ നാല്  തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി.  തടയണകൾ പൊളിക്കുന്നതിന്‍റെ  ചെലവ് ഉടമകൾ വഹിക്കണമെന്നും കോടതി പറഞ്ഞു. ഉടമകള്‍ പൊളിച്ചില്ലെങ്കില്‍ തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് കോടതി അനുമതി നല്‍കി. ചെലവാകുന്ന തുക റിസോര്‍ട്ട് ഉടമകളില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

തടയണകള്‍ പൊളിച്ചുനീക്കാത്തതിന്‍റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്.

തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി പി വി അന്‍വര്‍ തന്ത്രം മെനയുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.