ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമേറ്റ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയില്‍ ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പിടിച്ചു നില്‍ക്കാന്‍ ഒരുവഴിയുമില്ലെന്ന് കണ്ടപ്പോള്‍ നാണംകെട്ട് രാജിവെക്കുകയാണ് ഫഡ്‌നാവിസ് ചെയ്തത്. ഇത് ധാര്‍മികതയുടെ വിജയമാണ്. നേരം പുലരും മുമ്പ് രാഷ്ട്രപതിയെ കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ഫഡ്‌നാവിസിനെ മുഖ്യമന്ത്രി പദത്തിലെത്തിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രി പദം കളങ്കപ്പെടുത്തി. രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബി.ജെ.പിയുടെ വെറും പാവകളായി മാറി. ബിഹാര്‍, ഉത്തരാഖണ്ഡ്, ഗോവ, കര്‍ണ്ണാടക,അരുണാചല്‍ പ്രദേശ്, മേഖാലയ, ജാര്‍ഖണ്ഡ്, അസം, മണിപ്പൂര്‍,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ജനഹിതം അട്ടിമറിച്ച അവിഹിത മാര്‍ഗത്തിലൂടെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയത്.
ഭരണഘടനാ ദിവസമായ നവംബര്‍ 26ന് തന്നെ ഇന്ത്യന്‍ ഭരണഘടനയെയും അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വിധിയിലൂടെയാണ് മഹാരാഷ്ട്രയില്‍ ബി.ജെ.പി അടിയറവ് പറഞ്ഞത്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ പാര്‍ലമെന്‍റിനെപ്പോലും ബി.ജെ.പി മലീമസപ്പെടുത്തുന്നു. രാജ്ഭവനുകളെ ബി.ജെ.പിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പോലെയാക്കി പ്രവര്‍ത്തിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സംഭവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാഷ്ട്രപതിഭവനെപ്പോലും കുതിരക്കച്ചവടത്തിന് പങ്കാളിയാക്കി. ഇത് ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്തതാണ്. ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.ജെ.പിയെന്നും ജനാധിപത്യത്തില്‍ ബി.ജെ.പിക്ക് വിശ്വാസമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.