അയോധ്യ വിധി നാളെ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയും

Jaihind Webdesk
Friday, November 8, 2019

ന്യൂഡല്‍ഹി: അയോധ്യകേസില്‍ നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് നാളെ രാവിലെ 10.30ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നാളെ വിധി പറയുമെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ചീഫി ജസ്റ്റിസിന്റെ ഓഫിസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ഇരുവരെയും നേരിട്ടു വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, യുപി പോലിസ് മേധാവി ഓംപ്രകാശ് സിങ് എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയ്ക്കെത്തിയത്. സുരക്ഷാ മുന്നൊരുക്കങ്ങളും മറ്റുമാണ് ചീഫ് ജസ്റ്റിസ് ചോദിച്ചറിഞ്ഞതെന്നാണു സൂചന. ബാബരി കേസില്‍ ദിവസങ്ങള്‍ക്കകം വിധി പുറപ്പെടുവിക്കുമെന്നതിനാല്‍ അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ മാത്രം നാലായിരത്തിലേറെ അര്‍ധസൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ക്രസമസാമാധാന നില ഉറപ്പുവരുത്താന്‍ ജില്ലയില്‍ ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോലിസും സുരക്ഷാസേനയും പഴുതടച്ച സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.