Ayodhya verdict: അയോധ്യ വിധി ഇന്ന്: കേസിന്റെ നാള്‍വഴികള്‍ വായിക്കാം

ഏഴ് പതിറ്റാണ്ടുനീണ്ട അയോധ്യ ഭൂമിതര്‍ക്ക കേസിലെ അന്തിമ വിധി ശനിയാഴ്ച്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പുറപ്പെടുവിക്കും. ഇന്ത്യയുടെ ഏറ്റവും നീണ്ടതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ കേസാണ് അവസാനിക്കുന്നത്. കേസിന്റെ നാള്‍വഴികള്‍ വായിക്കാം

1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്.

1885 ജനുവരി 29നാണ് ബാബ്‌റി മസ്ജിദുമായി ബന്ധപ്പെട്ട ആദ്യ കേസ് കോടതിയിലെത്തുന്നത്. രഘുബീര്‍ ദാസ് എന്നയാള്‍ ഫാസിയാബാദ് ജില്ലാ കോടതിയില്‍ നല്‍കി ഹര്‍ജി കോടതി തള്ളി.

1949 ഓഗസ്റ്റ് 29ന് ഭൂമി ജപ്തി ചെയ്ത് മേല്‍നോട്ടത്തിനായി റിസീവറെ നിയമിച്ചു. 1950 ജനുവരി 16ന് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ വീണ്ടും ഹര്‍ജി നല്‍കി.

1959ല്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് നിര്‍മോഹി അഖാരയും കേസ് ഫയല്‍ ചെയ്യുന്നു.

1961 ലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് സുന്നി വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്യുന്നത്.

1986 ഫെബ്രുവരി 1 ന് പള്ളിതുറക്കണമെന്നും വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹിന്ദുക്കള്‍ക്ക് പള്ളി തുറന്നുകൊടുക്കാന്‍ ജില്ലാകോടതി ഉത്തരവിട്ടു.

1989 ഓഗസ്റ്റ് 14ന് തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതിയും ഉത്തരവിട്ടു.

1994 ഒക്ടോബര്‍ 24 ല്‍ ഇസ്‌ലാം മതവിശ്വാസമനുസരിച്ച് ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന് ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. 2002 ഏപ്രിലില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജികളില്‍ അലഹാബാദ് ഹൈക്കോടതി വാദം തുടങ്ങി. 2003 മാര്‍ച്ച് 13 ല്‍ തര്‍ക്ക പ്രദേശത്ത് മതപരമായ ചടങ്ങുകള്‍ നിരോധിച്ച് സുപ്രീം കോടതി വിധിയുണ്ടായി. 2010 സെപ്റ്റംബര്‍ 30നാണ് തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി വരുന്നത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു.

2011 മെയ് 9 ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു.

2016 ഫെബ്രുവരി 26ന് തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചു.

2017 മാര്‍ച്ച് 21ന് കേസ് സുപ്രീം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സാധ്യത തേടണമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ നിര്‍ദേശിച്ചു. 2017 ഡിസംബര്‍1 ന് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചു.

2017 ഡിസംബര്‍ 5ന് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വാദം തുടങ്ങുന്നു.

2018 സെപ്റ്റംബര്‍ 27ന് അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുതിയതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 29ലേക്ക് കേസ് മാറ്റി. 2019 ജനുവരി 8ന് വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് തലവനായ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നു. 10ന് ജസ്റ്റിസ് യു യു ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറി.

2019 ജനുവരി 25 ന്‌യു യു ലളിതിനെ ഒഴിവാക്കി പുതിയ ബെഞ്ച് രൂപീകരിക്കുന്നു.

2019 മാര്‍ച്ച് 8 ന് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിക്കുന്നു. വിരമിച്ച ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ സമിതിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരെ അംഗങ്ങളായി നിയോഗിച്ചു.

2019 മെയ് 9 ന് മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. 2019 മെയ് 10ന് മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15വരെ സമയം നീട്ടി നല്‍കുന്നു. 2019 ജൂലായ് 11ന് മധ്യസ്ഥ ശ്രമത്തിന്റെ പുരോഗതി സുപ്രീം കോടതി ആരായുന്നു.

2019 ഓഗസ്റ്റ് 1ന് മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നു.

2019 ഓഗസ്റ്റ് 2: തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിക്കുന്നു.

2019 ഓഗസ്റ്റ് 6: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ മാരത്തണ്‍ വാദം കേള്‍ക്കലിന് തുടക്കം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തലവനും ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

2019 ഒക്ടോബര്‍ 16: നീണ്ട 40 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

2019 നവംബര്‍ 8: നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് വിധി പറയുമെന്ന് സുപ്രീം കോടതി അറിയിപ്പ്.

Comments (0)
Add Comment