സമൂഹത്തിന് ഉത്തമ മാതൃകയായി വട്ടിയൂർക്കാവിലെ ഓട്ടോ തൊഴിലാളികൾ; നിർദ്ധനയായ യുവതിയ്ക്ക് മംഗല്യം

Jaihind Webdesk
Tuesday, March 5, 2019

നിർദ്ധനയായ യുവതിയുടെ വിവാഹം നടത്തി സമൂഹത്തിന് ഒരു ഉത്തമ മാതൃകയായിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഓട്ടോ തൊഴിലാളികൾ. വട്ടിയൂർക്കാവ് ഓട്ടോ ഡ്രൈവേഴ്‌സ് സാംസ്‌കാരിക സമിതിയുടെ സിൽവർ ജൂബിലി വാർഷികത്തിന്‍റെ ഭാഗമായി ഇവർ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

ആയിരങ്ങളെ സാക്ഷിയാക്കി മുത്തു കണ്ണൻ രമ്യക്ക് താലി ചാർത്തിയപ്പോൾ ഒരു പക്ഷെ സന്തോഷത്തിലായത് വട്ടിയൂർക്കാവിലെ ഓട്ടോ തൊഴിലാളികളായിരിക്കും. അന്നന്നുള്ള അന്നത്തിനായി ഓടുന്ന ഓട്ടോ തൊഴിലാളികളുടെ തുച്ഛമായ വരുമാനത്തിൽ നിന്നുമാണ് ഇങ്ങനെയൊരു കാരുണ്യ പ്രവർത്തനം നടത്തിയത്. മുൻപും കാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി പലർക്കും ഇവരുടെ കൈത്താങ്ങ് ഉണ്ടായിട്ടുണ്ട്.

കൊടുങ്ങാനുർ സ്വദേശിനി രമ്യയും മണലയം സ്വദേശി മുത്തുക്കണ്ണന്‍റെയും വിവാഹമാണ് ഇന്ന് വട്ടിയൂർക്കാവിലെ മാസ്സ് ഓഡിറ്റോറിയത്തിൽ നടന്നത്. വിവാഹത്തിന്‍റെ എല്ലാ ചെലവുകളും ഓട്ടോ തൊഴിലാളികൾ തന്നെയാണ് വഹിച്ചത്.

വിവാഹ ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടിയ രമ്യയുടെ വീട്ടുകാരെ കണ്ടു എല്ലാ സഹായവും വാഗ്ദാനം ചെയ്ത വധുവിന് അണിയാനുള്ള 5 പവൻ സ്വർണവും വിവാഹത്തിന് ആവശ്യമുള്ള എല്ലാ ചിലവും നൽകി. ആഘോഷ പൂർവമായി നടന്ന കല്യാണത്തിന് നടത്തിപ്പുകാരായി മുൻനിരയിൽ തന്നെ ഇവരും ഉണ്ടായിരുന്നു. മുൻപും ഇതുപോലെ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുത്തിരുന്നു. വരും വർഷങ്ങളിൽ നിർധനരായ പെൺകുട്ടികളെ കണ്ടെത്തി വിവാഹം നടത്തി കൊടുക്കുമെന്നാണ് ഇവർ പറയുന്നത്.