കരയോഗ മന്ദിരങ്ങള്‍ക്കു നേരേ ആക്രമണം, തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നു: മുല്ലപ്പള്ളി

Jaihind Webdesk
Friday, November 2, 2018

തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നവരാണ് എന്‍.എസ്.എസ്. കരയോഗ മന്ദിരങ്ങള്‍ക്കു നേരേ ആക്രമണം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. നവോത്ഥാനത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്കു കേരളത്തെ തിരിച്ചു കൊണ്ടുപോകാനാണ് ഇക്കൂട്ടരുടെ ശ്രമം. രാഷ്ട്രീയ ലാക്കു മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന ശക്തമായ നിലപാട് എന്‍.എസ്.എസ്. സ്വീകരിച്ചതിന് പിന്നാലെയാണ് കരയോഗ മന്ദിരങ്ങള്‍ക്കെതിരേ വ്യാപക അക്രമം ഉണ്ടായത്. ഇതിന് പിന്നിലെ ശക്തികളെ ജനം തിരിച്ചറിയുന്നുണ്ട്. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢനീക്കമാണ് അക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അക്രമത്തിന് നേതൃത്വം കൊടുത്ത വിധ്വംസക ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സംസ്ഥാനത്തെ ക്രമസമധാന പാലനം തകര്‍ന്നു എന്നതിന്റെ സൂചനകളാണിത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പില്‍ ഒരു നിയന്ത്രണവുമില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.