നിലപാട് : കേരളം പൊറുക്കില്ലീ കടുംകൈ

Mullappally Ramachandran
Wednesday, October 30, 2019

ഈ കടുംകൈ കേരളം പൊറുക്കില്ല മുഖ്യമന്ത്രീ. വാളയാർ പീഡനക്കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതും പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിനെതിരേ അപ്പീൽ നല്‍കിയതും തലമുറകൾ അവരുടെ നെഞ്ചിൽ കോറിയിടും. അത്ര വലിയ തെറ്റാണ് ഈ രണ്ടു സംഭവങ്ങളിലും സിപിഎമ്മും സർക്കാരും ചെയ്തിരിക്കുന്നത്.

യുവതലമുറയുടെ ആളിപ്പടരുന്ന രോഷാഗ്‌നി കാണണമെങ്കിൽ സോഷ്യൽ മീഡിയയിലേക്ക് എത്തിനോക്കൂ. ആയിരക്കണക്കിനു പെൺകുട്ടികളാണ് വീഡിയോയിലും മറ്റും പ്രത്യക്ഷപ്പെട്ടുകൊണ്ട് വാളയാർ പെൺകുട്ടികൾക്കുവേണ്ടി പ്രചാരണം നടത്തുന്നത്. ഇന്നലെ നിയമസഭ പ്രക്ഷുബ്ധമായി. പാലക്കാട്ട് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ വൻപ്രക്ഷോഭം ഉയർത്തി. കേരളത്തിനു പുറത്തും വലിയ പ്രചാരണം നടക്കുന്നു. സംസ്ഥാന നിയമവകുപ്പിന്‍റെ വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്യപ്പെട്ടു. ‘സഹോദരിമാർക്ക് നീതിവേണം’ എന്ന സന്ദേമശമാണ് ആ സൈറ്റിൽ കണ്ടത്. എന്നാൽ ഇതൊന്നും കേരളത്തിന്‍റെ മുഖ്യന്ത്രിയെ തെല്ലും അലട്ടുന്നില്ല. എല്ലാം സുഗമമായി നടക്കുന്നു എന്ന ചട്ടപ്പടി മറുപടിയാണ് അദ്ദേഹം നല്കുന്നത്.

എന്നാൽ ഒന്നും സുഗമമായല്ല നടക്കുന്നതെന്നു മുഖ്യമന്ത്രിക്കും അറിയാം. സ്വന്തം വാക്കുകൾക്കെങ്കിലും അല്പം വില നല്കുന്ന ആളായിരിക്കണം നമ്മുടെ മുഖ്യമന്ത്രിയെന്ന് കേരളം കരുതിയാൽ അതു തെറ്റാണോ? അദ്ദേഹം 2017 മാർച്ച് 8ന് സ്വന്തം ഫേസ് ബുക്കിൽ കുറിച്ചത് ഇപ്രകാരം: ”വാളയാർ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷതന്നെ വാങ്ങിക്കൊടുക്കും.” സ്വന്തം വാക്കുകളാണ് മുഖ്യമന്ത്രിയെ ഇപ്പോൾ തിരിഞ്ഞുകൊത്തുന്നത്.

കേസിലെ അട്ടിമറികൾ

കേരളത്തിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഒരറ്റത്ത് സിപിഎം ഉണ്ട് എന്നത് പകൽ സത്യം. അതുപൊലെ തന്നെ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുടയും ജനവിരുദ്ധ നടപടികളുടെയും മറ്റൊരു അറ്റത്തുള്ളതും സിപിഎം തന്നെ. ഈ പാർട്ടി ഇത്രമാത്രം അധ:പതിച്ചുപോയല്ലോ എന്ന് ഞെട്ടലോടെയാണ് ജനം തിരിച്ചറിയുന്നത്. വാളയാർ സഹോദരിമാരുടെ കേസിലും ആദ്യന്തം പാർട്ടിയുടെയും സർക്കാർ സംവിധാനങ്ങളുടെയും സമ്പൂർണ ഇടപെടലും സംരക്ഷണവുമാണു കാണുന്നത്. അതുകൊണ്ടു മാത്രമാണ് ഈ കേസിലെ പ്രതികൾ നിയമത്തിന്‍റെ കൂടുപൊട്ടിച്ച് പുല്ലുപോലെ ഇറങ്ങിപ്പോന്നത്. പതിമ്മൂന്നും ഒമ്പതും വയസ് മാത്രം പ്രായമുള്ള കുട്ടികളാണ് ഒറ്റമുറി കൂരയുടെ ജനാലപ്പടിയിൽ തൂങ്ങി നിന്നത്. മൂത്ത കുട്ടി മരിച്ച് 56-ാം ദിവസമാണ് ഇളയ സഹോദരിയും സമാനമായ രീതിയിൽ ദുരൂഹമായി മരിച്ചത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച് ആത്മഹത്യയെന്ന മട്ടിലാണു കേസ് കൈകാര്യം ചെയ്തത്. വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പാലക്കാട് എഎസ്പിക്ക് അന്വേഷണച്ചുമതല നല്കിയെങ്കിലും ഒറ്റ ദിവസം കൊണ്ടു തന്നെ അദ്ദേഹം തെറിച്ചു. അടുത്ത ദിവസം ഡിവൈഎസ്പിക്കു ചുമതല നല്കി. പലരെയും മാറ്റിമാറ്റി പരീക്ഷിച്ച് ഇത്രയും പ്രമാദമായ ഒരു കേസ് തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്.

മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നതായി പറയുന്നില്ലെങ്കിലും ഡോക്ടർ വാക്കാൽ പോലീസിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. അത് എന്തുകൊണ്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായില്ലെന്നു തികച്ചും ദുരൂഹമാണ്. ഇളയകുട്ടിയുടെ പോസ്‌ററ്‌മോർട്ടം റിപ്പോർട്ടിൽ പ്രകൃതിവിരുദ്ധ പീഡനം വരെ നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും ക്രൂരവും പൈശാചികവുമായ ഒരു സംഭവം കേരളത്തെ ഞെട്ടിപ്പിച്ചുകൊണ്ട് അരങ്ങേറിയിട്ടും ആ നരാധമന്മാർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാതെ വന്നതിനു പിന്നിൽ അവരുടെ രാഷ്ട്രീയ ബന്ധം മാത്രമാണുള്ളത്.

സിപിഎം ബന്ധം

നരാധമന്മാർ സിപിഎം ബന്ധമുള്ളവരാണെന്ന് പെൺകുട്ടികളുടെ അമ്മ ആവർത്തിച്ചു പറയുന്നു. പ്രതിയെ പുറത്തിറക്കിയത് അരിവാൾ പാർട്ടിക്കാർ എന്നും പാർട്ടി പരിപാടികളിലെല്ലാം ഇവരുടെ സജിവ സാന്നിധ്യമുണ്ടെന്നും ആ അമ്മ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതികൾ പിടിയിലായപ്പോൾ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചത് പുതുശേരിയിലെ നേതാവും പ്രതികളെ ജാമ്യത്തിലിറക്കിയത് ജില്ലാനേതാവുമായിരുന്നു. മൂത്ത കുട്ടി മരിച്ചപ്പോൾ, സ്ഥലത്തെത്തിയ പോലീസുകാരോട് ഒരാൾ കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ടെന്ന് അമ്മ പറയുകയും ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, രാത്രി ഇയാളെ സ്‌റ്റേഷനിൽ നിന്ന് ഇറക്കിയത് പ്രാദേശിക നേതാക്കളെത്തിയാണ്. ഇളയകുട്ടി അമ്മയുടെ മടിയിലിരുന്നു നല്കിയ മൊഴിയും ദൃക്‌സാക്ഷിയെന്ന നിലയിൽ അമ്മ നല്കിയ സുപ്രധാന മൊഴിയും പോലീസ് തമസ്‌കരിച്ചത് രാഷ്ട്രീയ സമ്മർദം കൊണ്ടായിരിക്കാം. മൂത്തകുട്ടിയെ മരിച്ച നിലയിൽ കണ്ട ദിവസം മുഖംമൂടിയ രണ്ടുപേർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ടു എന്നാണ് ഇളയകുട്ടി പോലീസിനോട് പറഞ്ഞത്. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു.

പ്രതികൾ അറസ്റ്റിലായപ്പോൾ, ആദ്യം ഹാജരായത് പാർട്ടിയുടെ പതിവ് അഭിഭാഷകനായിരുന്നു. നിരവധി പോക്‌സോ കേസുകളിൽ ഇയാൾ പ്രതികൾക്കുവേണ്ടി ഹാജരായിട്ടുണ്ടത്രേ. ഇതേ അഭിഭാഷകന് പാരിതോഷികമായി ചൈൽഡ് വെൽഫയൽ കമ്മിറ്റി ചെയർമാൻ സ്ഥാനവും പാർട്ടി നല്കി. നിർഭയമായി കേസ് മുന്നോട്ടുകൊണ്ടുപോയ പ്രോസിക്യൂട്ടർ അഡ്വ ജലജയെ മൂന്നു മാസത്തിനുള്ളിൽ മാറ്റി പാർട്ടിയുടെ ശിങ്കിടിയെ കേസ് ഏല്പിച്ചതാണ് മറ്റൊരു ദുരന്തം. കേരളം കണ്ട ഏറ്റവും മൃഗീയമായ ഒരു കേസിലെ പ്രതികൾ അങ്ങനെ പാർട്ടിയുടെ സമ്പൂർണ ഇടപെടലിലൂടെ സംരക്ഷിതരും സുരക്ഷിതരുമായി. ഇതാണ് എല്ലാം ശരിയാക്കാം എന്നു പിണറായി സർക്കാർ പറഞ്ഞതിന്റെ ശരിയായ അർത്ഥം.
ദളിത് വിഭാഗത്തിൽപ്പെട്ട തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇപ്പോൾ നീതിക്കുവേണ്ടി കേരള മനസാക്ഷിയോടു യാചിക്കുന്നത്. ഒറ്റമുറി വീട്ടിൽ ഈ കുട്ടികളെ ഒറ്റയ്ക്ക വിട്ടിട്ടാണ് പാവപ്പെട്ട മാതാപിതാക്കൾ ജോലിക്കു പോയിരുന്നത്. കേരളത്തിൽ ഇതുപോലെ നിരവധി വീടുകളുണ്ടെന്നു മുഖ്യമന്ത്രി മനസിലാക്കണം. പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് വാക്കത്തി തലയ്ക്കു കീഴിൽ വച്ച് ഉറങ്ങേണ്ട ദയനീയ അവസ്ഥയാണ് ഇന്നു നാട്ടിലുള്ളത്. തലശേരി കുട്ടിമാക്കൂലിൽ രണ്ടു ദളിത് യുവതികളെ ജയിലടച്ചുകൊണ്ടാണ് പിണറായി സർക്കാർ അധികാരമേറ്റതു തന്നെ.

ഉന്നാവ കേസിൽ രാജ്യമെമ്പാടും വലിയ പ്രതിഷേധം ഉയരുകയും സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മുൻനിരയിൽ നിന്ന് പ്രതിഷേധം ആളിക്കത്തിക്കുകയും ചെയ്തിരുന്നു. ഉന്നാവയിൽ നിന്ന് വാളയാറിലേക്ക് അധികം ദൂരമില്ലെന്നു മുഖ്യമന്ത്രി മനസിലാക്കണം. വാളയാർ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ കണ്ടെത്തി അവരെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കണം. പോലീസിന്റെയും പ്രോസിക്യൂഷന്‍റെയും ദയനീയമായ പരാജയമാണു നാം കണ്ടത്. പിണറായിയുടെ പോലീസും പ്രോസിക്യൂഷനും സ്വതന്ത്രരല്ല. അവർ രാഷ്ട്രീയ അന്ധത ബാധിച്ചവരും അടിമകളുമാണ്. അതുകൊണ്ടുതന്നെ ഈ കേസ് കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് അടിയന്തരമായി വിടാൻ മുഖ്യമന്ത്രി തയാറാകണം.

പെരിയ മറ്റൊരു ഞെട്ടൽ

കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷണത്തിനുവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നല്കിയ പിണറായി സർക്കാരിന്‍റെ നിലപാട് കേരളത്തെ വീണ്ടും ഞെട്ടിച്ചു. ഈ കൊലപാതകം സിപിഎം രാഷ്ട്രീയനേതൃത്വത്തിന്‍റെ അറിവോടെയാണ് എന്ന വസ്തുത ഇതിലൂടെ ഊട്ടിയുറപ്പിക്കുന്നു. കേസ് സിബിഐക്കു വിടണമെന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കളുടെ ആവശ്യം പിണറായി സർക്കാർ തള്ളിക്കളയുകയും തുടർന്ന് അവർ കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം നേടിയെടുക്കുകയുമാണു ചെയ്തത്. പെരിയ ഇരട്ടക്കൊലക്കേസിൽ പോലീസ് നല്‍കിയ കുറ്റപത്രവും കോടതി ചവറ്റുകൊട്ടയിലെറിഞ്ഞു. ഈ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാകാൻ സാധ്യതയുണ്ടെന്നുവരെ കോടതി കണ്ടെത്തിയിരുന്നു.

സമീപകാലത്തൊന്നും ഒരു സർക്കാരിനും ഇത്രയും വലിയ തിരിച്ചടി കോടതിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ അതിൽ നിന്നു പാഠം പഠിക്കാനല്ല പിണറായി സർക്കാർ ശ്രമിക്കുന്നത്. കോടതിക്കും മേലെ പറക്കാനാണ് അവരുടെ ശ്രമം. രണ്ടു ചെറുപ്പക്കാരെ തുണ്ടം തുണ്ടം പോലെ അരിഞ്ഞുവീഴ്ത്തിയശേഷം കേസിനെ ദുർബലപ്പെടുത്താൻ പാർട്ടി നടത്തുന്ന ശ്രമങ്ങളാണ് കോടതിയിൽ പിടിക്കപ്പെട്ടത്. നീതിബോധമുള്ള ഒരു സർക്കാർ സിബിഐ അന്വേഷണവുമായി മുന്നോട്ടുപോയി മാംസഭോജികളായ പ്രതികളെ ആജീവനാന്തം ജയിലിൽ കിടത്തുകയെന്ന ധർമമാണ് നിറവേറ്റേണ്ടത്. അതിനു പകരം ജനങ്ങളുടെ പണവും ജനങ്ങൾക്ക് നീതിനിർവഹിക്കപ്പെടേണ്ട സംവിധാനങ്ങളും പച്ചയ്ക്ക് ദുരുപയോഗം ചെയ്ത് കാപാലികരെ സംരക്ഷിക്കുകയാണു ചെയ്യുന്നത്.

ഷുഹൈബിന്റെ കേസ് അന്വേഷണത്തിലും സമാനമായ തന്ത്രമാണ് സിപിഎം പയറ്റുന്നത്. 41 വെട്ടുകളായിരുന്നു ആ ചെറുപ്പക്കാരന്റെ ശരീരത്തിൽ. കോടതി ഈ കേസും സിബിഐക്കു വിട്ടപ്പോൾ പാർട്ടിക്കാർ കുടുങ്ങുമെന്നു ബോധ്യമായ സിപിഎം സുപ്രീംകോടതി അഭിഭാഷകരെ 56 ലക്ഷം രൂപ ഖജനാവിൽ നിന്നു ചെലവഴിച്ചു കൊണ്ടുവന്നാണ് അതിനു തടയിടാൻ നോക്കിയത്. സിബിഐ അന്വേഷണം ഏറ്റെടുത്ത അരിയിൽ ഷുക്കൂർ, കതിരൂർ മനോജ്, പയ്യോളി മനോജ്, മുഹമ്മദ് ഫസൽ തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്ലാം സിപിഎമ്മുകാർ പ്രതികളാണ്. പെരിയ ഇരട്ടക്കൊലപാതകം, ഷുഹൈബ് എന്നിവ ഉൾപ്പെടെയുള്ള കേസുകളിൽ സിബിഐ അന്വേഷണം പൂർത്തിയാകുമ്പോൾ കണ്ണൂരിലെ സിപിഎം നേതൃനിര തന്നെ തുറുങ്കിലാകും എന്നതിൽ ഒരു സംശയവും വേണ്ട.

കേരളം ഉണരട്ടെ

ഉന്നാവയിലെയും ഡൽഹിയിലെയും പെൺകുട്ടികൾക്കുവേണ്ടി രാജ്യം മുഴുവൻ ഉണർന്നതുപോലെ വാളയാർ സഹോദരികൾക്കുവേണ്ടി കേരളം മുഴുവൻ ഉണരട്ടെ. പെൺകുട്ടികളും ആൺകുട്ടികളും സോഷ്യൽ മീഡിയയിൽ മാത്രമല്ല, അവിടെനിന്നും പുറത്തേക്കു ഒഴുകിയിറങ്ങട്ടെ. രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും യുവാക്കളുമെല്ലാം ഒറ്റക്കെട്ടായി രംഗത്തുവരണം. എല്ലാ കോൺഗ്രസ് പ്രവർത്തകരും ഈ അനീതിക്കെതിരേ പടപൊരുതണം. നഷ്ടപ്പെട്ടത് രണ്ടു പാവപ്പെട്ട ദളിത് സഹോദരിമാരുടെ ജീവിതമാണ്. ആ നരാധമൻമാർക്ക് സർക്കാരിന്‍റെയും സർക്കാർ സംവിധാനങ്ങളുടെയും സംരക്ഷണമുണ്ട്. എന്നാൽ, ആളിക്കത്തുന്ന ജനരോഷത്തിനുമുന്നിൽ എല്ലാ പ്രതിബന്ധങ്ങളും കത്തച്ചാമ്പലാകും. അതിൽ നിന്ന് നീതിയുടെ മാലാഖ ഉയർന്നുവരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.