അരീക്കോട് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ജീവനൊടുക്കി; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആത്മഹത്യാ കുറിപ്പ്

Jaihind Webdesk
Monday, December 16, 2024

മലപ്പുറം : മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാംപില്‍ സ്വയം നിറയൊഴിച്ച് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനമാണെന്ന് ആത്മഹത്യാ കുറിപ്പ്. മേലുദ്യോഗസ്ഥരുടെ പീഡനം സൂചിപ്പിക്കുന്ന സന്ദേശത്തില്‍ ചിലര്‍ തന്നെ ചതിച്ചെന്നും പറയുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അതിനിടെ ആത്മഹത്യ സംഭവത്തില്‍ പ്രതിഷേധം ശക്തമായി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അരീക്കോട് പോലീസ് ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അരീക്കോട് സായുധ പൊലീസ് ക്യാംപിലെ സിപിഒ വിനീത് ഇന്നലെ രാത്രി 9 മണിയോടെയാണ് പോലീസ് ക്യാമ്പില്‍ തലയ്ക്കു സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.  രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകള്‍ ഈ കുറിപ്പിലും വാട്‌സ് ആപ്പ് സന്ദേശത്തിലുമുണ്ട്. പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്ന് വിമര്‍ശനരൂപേണ വിനീത് പറയുന്നുമുണ്ട്.

എന്റെ ജീവന്‍ അതിനായി സമര്‍പ്പിക്കുന്നു, ഗുഡ് ബൈ എന്നാണ് സന്ദേശത്തിന്റെ അവസാന ഭാഗത്തുള്ളത്. വിനീത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പീഡനത്തിന്റെ ഇരയാണെന്ന് ടി സിദ്ധിഖ് എംഎല്‍എ ആരോപിച്ചു. റിഫ്രഷ്‌മെന്റ് കോഴ്‌സ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാനസിക പീഡനം നേരിടേണ്ടി വന്നു. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി 36കാരനായ വിനീതിന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അരീക്കോട് എസ്ഒജി ക്യാമ്പില്‍ പൊതുദര്‍ശനം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിനീതിന്റെ മരണത്തില്‍ അരീക്കോട് എസ്ഒജി ക്യാമ്പില്‍ നോര്‍ത്ത് സോണ്‍ ഐജി സേതുരാമന്‍ പരിശോധന നടത്തി. വിനീതിന്റേതായി പുറത്തുവന്ന വാട്സ് ആപ്പ് സന്ദേശം വലിയ വിവാദങ്ങളിലേക്കാണ് വഴിവെക്കുന്നത്.