ഭാരവാഹിപ്പട്ടികയെച്ചൊല്ലി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വാഗ്വാദവും – തർക്കവും

ഭാരവാഹിപ്പട്ടികയെച്ചൊല്ലി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വാഗ്വാദവും – തർക്കവും. എം. സ്വരാജ് തയ്യാറാക്കിയ പുതിയ സംസ്ഥാന ഭാരവാഹികളുടെ പാനൽ സംഘടനാ ചുമതലയുള്ള സി പി എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻമാഷ് തള്ളി. തുടർന്ന് പാർടിക്ക് താൽപര്യമുള്ളവരുടെ പാനൽ ഡി വൈ എഫ് ഐ യുടെ തലപ്പത്ത് അടിച്ചേൽപ്പിച്ചു. പാർട്ടി തീരുമാനം അടിച്ചേൽപിച്ച് തങ്ങളെ ഭീഷണിപ്പെടുത്തേണ്ട – എന്നുവരെ ഒരു മുതിർന്ന നേതാവ് യോഗത്തിനിടെ പ്രതികരിച്ചു. ജയ്ഹിന്ദ് എക്സ്ക്യൂസിവ്.

ഇന്നലെ രാവിലെ എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് – ഫ്രാക്‌ഷൻ യോഗത്തിലാണു സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രട്ടറി എം.സ്വരാജും, സിപിഎമ്മിൽ ഡിവൈഎഫ്ഐയുടെ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദനും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായത്. തർക്കംമൂലം യോഗം മൂന്നര മണിക്കൂറോളം നീണ്ടു. പാർട്ടി തീരുമാനം അടിച്ചേൽപിച്ച് തങ്ങളെ ഭീഷണിപ്പെടുത്തേണ്ട എന്നുപോലും ഒരു പ്രധാന നേതാവ് യോഗത്തിനിടെ പ്രതികരിച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ പ്രായപരിധി 37 ആക്കണമെന്ന ഫ്രാക്‌ഷൻ നിർദേശം, സമ്മേളനം തുടങ്ങും മുൻപേ സിപിഎം തള്ളിയിരുന്നു. ഷംസീറും സ്വരാജും സ്ഥാനമൊഴിയുമ്പോൾ പരിചയസമ്പന്നരായ നേതാക്കൾ നേതൃസ്ഥാനത്തേക്കു വരണമെന്നായിരുന്നു പാർട്ടി നിലപാട്. അതോടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്കു നിലവിലെ ഡിവൈഎഫ്ഐ നേതൃത്വം നിർദേശിച്ച മനു സി.പുളിക്കൽ, കെ.റഫീഖ് എന്നിവരെ വെട്ടി എ.എ.റഹീം, എസ്.സതീഷ് എന്നിവരുടെ പേരുകൾ കയറിവന്നു. ‌
പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനായി രാവിലെ യോഗം ചേർന്നപ്പോൾ പ്രായപരിധി വിഷയം വീണ്ടുമുയർന്നു. നേതൃത്വത്തിലേക്കു യുവാക്കൾ വരണമെന്നു സ്വരാജ് വാദിച്ചു. തങ്ങളുടെ അഭിപ്രായത്തോടു ചേർന്നു നിൽക്കാതിരുന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനെതിരെയും വിമർശനമുണ്ടായി.

‘ഞങ്ങളും പാർട്ടിയാണ്. ഞങ്ങളെ ഭീഷണിപ്പെടുത്തേണ്ട. ഒൗദാര്യം പറ്റി നിൽക്കാൻ ആഗ്രഹിക്കുന്നില്ല.’ ഈ രീതിയിൽവരെ സ്ഥാനമൊഴിഞ്ഞ ഒരു മുതിർന്ന നേതാവ് ഗോവിന്ദൻ മാഷിനെ ചൂണ്ടി പറയുകയുണ്ടായി. പക്ഷേ, പാർട്ടി തീരുമാനം യുവജനസംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പിൽ അടിച്ചേൽപ്പിച്ചു.

ഇതുപ്രകാരം, 37 പിന്നിട്ട S സതീഷും, AA റഹീമും നേതൃത്വത്തിലേക്കെത്തി. എന്നാൽ, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രായപരിധി നടപ്പാക്കി. അതോടെ, നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 52 പേർക്കു സ്ഥാനംപോയി. സി പി എമ്മിന്റെ ബി ടീമായി സംഘടന മാറിയെന്ന പ്രതിനിധികളുടെ വിമർശനം ഒരിക്കൽ കൂടി തെളിയിക്കുന്നതായി മാറി പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

https://www.youtube.com/watch?v=vWW2V7iL828

DYFImeeting
Comments (0)
Add Comment