പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സാജന്‍റെ കുടുംബാംഗങ്ങള്‍ പി.കെ ശ്യാമളക്കെതിരെ പരാതി നല്‍കിയിരുന്നു. നർക്കോട്ടിക് ഡി.വൈ.എസ്.പി കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
18 കോടി മുടക്കി പണിത കണ്‍വെന്‍ഷന്‍ സെന്‍ററിന് നിസാര കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സാജന്‍റെ ഭാര്യയും കുടുംബാംഗങ്ങളും ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്കെതിരെ പരാതിയുമായി എത്തിയിരുന്നു. പി.കെ ശ്യാമളയുടെ നിഷേധാത്മക നിലപാടാണ് സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുടുംബം ആരോപിച്ചു. താന്‍ കസേരയിലിരിക്കുന്നിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കില്ലെന്നായിരുന്നു ശ്യാമള പറഞ്ഞതെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. പി ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടത് പി.കെ ശ്യാമളയ്ക്ക് പക വര്‍ധിപ്പിച്ചെന്നും ഇവര്‍ പറയുന്നു.
പാര്‍ട്ടിയുടെ സമവായശ്രമങ്ങള്‍ക്കിടെ നഗരസരഭാധ്യക്ഷ പി.കെ ശ്യാമളക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ആത്മഹത്യ ചെയ്ത സാജന്‍റെ കുടുംബം രംഗത്തെത്തി. സംഭവം വിവാദമായതിനെ തുടര്‍ന്ന് സി.പി.എം ഇന്നലെ രാഷ്ട്രീയ വിശദീകരണയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സി.പി.എം നേതാവ് പി ജയരാജന്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പി.കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.