മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവീടായ ആനന്ദ ഭവന് നികുതി കുടിശിക നോട്ടീസ്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഇന്ദിര ജനിച്ച ആനന്ദ് ഭവനാണ് 4.35 കോടി രൂപയുടെ നികുതി കുടിശിക നോട്ടീസ് സര്‍ക്കാര്‍ നല്‍കിയത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ആനന്ദഭവന് നികുതി ചുമത്തുന്നത് തെറ്റാണെന്നും ഇത് സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകവും മ്യൂസിയവും ആണെന്നും പ്രയാഗ്രാജ് മുന്‍ മേയര്‍ ചൗധരി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു സ്മാരക ട്രസ്റ്റിന് കീഴിലാണ് കെട്ടിടം. ഇതൊരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണെന്നും ബിജെപിയുടെ രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണ് കെട്ടിടത്തിനു നികുതി ചുമത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷയായ ജവഹര്‍ലാല്‍ നെഹ്റു സ്മാരക ട്രസ്റ്റാണ് ആനന്ദഭവന്റെ സംരക്ഷണം. 2013 മുതൽ കെട്ടിടത്തിൻറെ നികുതി അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ്രാജ് കോര്പ്പറേഷന് നോട്ടീസ് അയച്ചിരിക്കുന്നത്.