ആലപ്പാട് കരിമണല്‍ ഖനനം; സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

Jaihind Webdesk
Thursday, January 17, 2019

ആലപ്പാട്ടെ കരിമണൽ ഖനന വിഷയത്തിൽ സമര സമിതിയുമായി മന്ത്രി ഇ.പി ജയരാജൻ ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഉദ്യോഗസ്ഥതലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഖനനത്തിന്‍റെ പ്രത്യാഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സീ വാഷിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനമായിരുന്നു. ഖനനത്തിന്‍റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ആലപ്പാട് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

അതേസമയം ശാസ്ത്രീയമായിട്ടുള്ള ഖനനം പ്രദേശത്ത് തുടരും. ഖനനം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറും ജനപ്രതിനിധികളുമടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു നടപടി. ആലപ്പാട് സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് അഞ്ചിന് സെക്രട്ടറിയേറ്റിലെ നോർത്ത് കോൺഫറൻസ് ഹാളിൽ വെച്ചാകും ചർച്ച നടക്കുക.