ദുബായില്‍ റണ്‍വേയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാര്‍ : വിമാനം വൈകിയത് 16 മണിക്കൂറിലധികം ; കുടുങ്ങിയത് തിരുവനന്തപുരം യാത്രക്കാര്‍

Elvis Chummar
Thursday, August 13, 2020

ദുബായ് : വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 16 മണിക്കൂറിലധികം വൈകി. സാങ്കേതിക തകരാറാണ് ഇതിന് കാരണം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സന്ദര്‍ശക വിസക്കാരും വിസ റദ്ദാക്കി നാട്ടിലേക്ക് പോകുന്നവരും ദുബായ് വിമാനത്താവളത്തിനകത്ത് അര ദിവസത്തിലധികം കുടുങ്ങി. ചിലര്‍ക്ക് പിന്നീട് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി.

ബുധനാഴ്ച രാത്രി 8.30 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് – 1540 എന്ന വിമാനമാണ് തകരാറിലായത്. വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് ശേഷമാണ് ഈ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതുമൂലം വിമാനത്തിന് പറക്കാന്‍ കഴിഞ്ഞില്ല. തകരാര്‍ പരിഹരിച്ച് വീണ്ടും പറക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നം തുടര്‍ന്നതിനാല്‍ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. അതേസമയം വിമാനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരും പ്രായമായവരുമെല്ലാം ഉണ്ടായിരുന്നു. പിന്നീട് വ്യാഴാഴ്ച ഉച്ചയോടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.