ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

Monday, May 13, 2024

 

കൊച്ചി: ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ  എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസും  ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.