Pic Courtesy : India Today
പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 350 ലേറെ ഭീകരരെ വകവരുത്തിയത് മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന്‍റെ ഉദാഹരണമാണെന്നാണ് ബി.ജെ.പി നടത്തുന്ന പ്രചരണം. എന്നാല്‍ ബലാക്കോട് ആക്രമണത്തില്‍ എത്രപേരെ വധിച്ചെന്ന് വ്യോമസേന എവിടെയും പറഞ്ഞിട്ടില്ല. തങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യസ്ഥാനം ആക്രമിച്ചതായി മാത്രമാണ് വ്യോമസേന പറഞ്ഞത്. കൃത്യമായ പ്രസ്താവനയിറക്കിയ വ്യോമസേനയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ചിദംബരം എന്നാല്‍ ആക്രമണത്തിന് പിന്നാലെ ബി.ജെ.പി നടത്തുന്ന പ്രചരണം മാന്യതയില്ലാത്തതും വോട്ട് ലക്ഷ്യമിട്ടുള്ളതുമാണെന്നും ചിദംബരം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ഖ്യാതിക്കായി വാദിച്ചു. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്‍റേതാണെന്നും ബി.ജെ.പിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പി ചിദംബരം.
ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ബി.ജെ.പിയുടെ അവകാശവാദങ്ങളെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നല്‍കിയതിന്‍റെ വിശദ വിവരങ്ങങ്ങള്‍ കേന്ദ്രം നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു. ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറായില്ല. എത്രപേരാണ് കൊല്ലപ്പെട്ടത്, എവിടെയാണ് ബോംബ് ആക്രമണം നടത്തിയത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മമത ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.