ആദ്യം ജയിലിലടക്കേണ്ടത് പിണറായി വിജയനെ: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ജയിലിലടക്കേണ്ടത് കെ സുധാകരനെയല്ല, വീട്ടിനടുത്ത് ആര്‍എസ്എസുകാരനായ കൊലക്കേസ് പ്രതിക്ക് സുരക്ഷിത താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയനെയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്.
കെ റെയില്‍ സര്‍വേ കുറ്റികള്‍ പിഴുതെറിഞ്ഞതിന്റെ പേരില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ജയിലിലടക്കണമെന്ന് പറയുന്ന എം വി ജയരാജന്‍ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടുപരിസരത്ത് ആര്‍എസ്എസ് ക്രിമിനല്‍ ഒളിവില്‍ കഴിയാനിടയായതിനു പിന്നിലെ ഒത്തുകളി സംബന്ധിച്ച സിപിഎം അണികളുടെ ചോദ്യത്തിനാണ് മറുപടി പറയേണ്ടത്.

അതീവ സുരക്ഷാ മേഖലയായി പരിഗണിച്ച് ഇരുപത്തിനാലു മണിക്കൂറും പോലീസും രഹസ്യാന്വേഷണ വിഭാഗവും കണ്ണും കാതും കൂര്‍പ്പിച്ചു നില്‍ക്കുന്ന പിണറായി വിജയന്‍റെ വീട്ടുപരിസരത്ത് ഒരു കൊലക്കേസ് പ്രതി ഒളിവില്‍ താമസിച്ചതെങ്ങനെയെന്നതു സംബന്ധിച്ച് സിപിഎം പ്രവര്‍ത്തകരിൽ തന്നെ സംശയമുയര്‍ത്തുന്നുണ്ട്. ഉറച്ച സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ആര്‍എസ്എസുകാരന് ഒളിത്താവളമൊരുക്കിയതും അത് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പോലീസ് അറിഞ്ഞില്ലയെന്നതും കൂട്ടി വായിച്ചാല്‍ ഇതിനകത്തെ ഒത്തുകളി സ്പഷ്ടമാണ്. അടുത്ത കാലത്തായി സിപിഎം-ആര്‍എസ്എസ് നേതൃതലത്തില്‍ നടന്നു വരുന്ന ഒത്തുകളിയുടെ ഭാഗമാണോ ഇതെന്നു കൂടി വ്യക്തമാക്കണം.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ പാണ്ട്യാലമുക്കില്‍ മുഖ്യമന്ത്രിയുടെ വീട്ടിനടുത്ത് മാസങ്ങളായി ഇങ്ങനെയൊരാള്‍ താമസിക്കുന്നത് പ്രദേശത്തെ സിപിഎമ്മുകാരും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ സാമാന്യബുദ്ധിയുള്ള ആരുമത് വിശ്വസിക്കില്ല.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തില്‍, അതും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വീടിനടുത്ത് താമസിച്ചതിനു പിന്നിലെ ഒത്തുകളിയെ കുറിച്ച് എം വി ജയരാജന് എന്താണ് പറയാനുള്ളതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരാഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ കെ റെയിലിന്റെ സര്‍വേകുറ്റികള്‍ പിഴുതെറിയുന്നത് തുടരും. ഇത് ജനകീയ സമരമാണ്. ജനങ്ങളെയും കോടതിയേയുമൊക്കെ വെല്ലുവിളിച്ച് കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് പിണറായി വിജയനും കൂട്ടരും കരുതേണ്ട. എം വി ജയരാജനെത്ര കുരച്ചാലും കെ റെയില്‍ സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Comments (0)
Add Comment