എങ്കിലും ബ്രിട്ടാസേ!!! മരടില്‍ ഒന്നും ‘അറിയാത്ത, ചതിക്കപ്പെട്ട, വഞ്ചിക്കപ്പെട്ട, ചെറുവിരലനങ്ങാത്ത’ ജോണ്‍ ബ്രിട്ടാസിനെക്കുറിച്ച് അഡ്വ. ജയശങ്കര്‍

Sunday, September 22, 2019

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതക്കള്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും, താന്‍ ഒന്നുമറഞ്ഞിരുന്നില്ലെന്നും നിര്‍മ്മാതാക്കളെ സംരക്ഷിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയിട്ടുമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണത്തെ വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പരിഹാസം കലര്‍ന്ന വിമര്‍ശനം.
വളരെക്കാലമായി കേസ് നടക്കുന്നത് അറിയാതെ തീരദേശ നിയമം ലംഘിച്ചും പുഴ കൈയേറിയും നിര്‍മ്മിച്ച ഫ്‌ളാറ്റില്‍ വാസം നടത്തിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ മറുപടിക്കാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മരട് മുന്‍സിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയില്‍ പെട്ടില്ലെന്നും ജയശങ്കര്‍ പറയുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചതിച്ചു! വഞ്ചിച്ചു കബളിപ്പിച്ചു!

ആരെ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ.

ആര് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ്.

എങ്ങനെ മരടില്‍ അനധികൃതമായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്.

ജോണ്‍ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാര്‍ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജംഗ്ഷനിലും ആരും പറഞ്ഞില്ല. മരട് മുന്‍സിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയില്‍ പെട്ടില്ല.

ഹോളി ഫെയ്ത്തില്‍ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സര്‍ക്കാരിന്റെ ചില ജോലികള്‍ ഏല്പിക്കുകയുമുണ്ടായി.

സുപ്രിംകോടതിയിലെ കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്.

പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ ബ്രിട്ടാസിനു പങ്കുണ്ടോ ഇല്ല. അദ്ദേഹം ചെറുവിരല്‍ അനക്കിയിട്ടില്ല.

ഇനി എന്തു ചെയ്യും പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവില്‍ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗര്‍വാസീസ് ആശാന്‍ ക്ഷമിക്കാനാണ് കൂടുതല്‍ സാധ്യത.

മരടില്‍ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്പുഴ പണ്ടേ പാടിയിട്ടുണ്ട്:

‘എങ്കിലും ബ്രിട്ടാസേ ലോകമല്ലേ
പങ്കില മാനസര്‍ കാണുകില്ലേ