യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടതില്‍ അപാകത : അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികളുള്‍പ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അപാകത ഉണ്ടെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ട്രൈബ്യൂണലിന്‍റേതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കെ.എ.പി-4 ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് ചോദ്യം ചെയ്ത് നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണലിന്‍റെ ഉത്തരവ്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പത്ത് ഉദ്യോഗാര്‍ത്ഥികളാണ് പരാതിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്.

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. നാലാം ബറ്റാലിയനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശാരീരിക ക്ഷമതാ യോഗ്യതാ പരീക്ഷയിലുള്‍പ്പെടെ ക്രമക്കേടുകള്‍ നടന്നെന്നാണ് ജൂലൈ അഞ്ചിലെ കോടതി ഉത്തരവില്‍ പറയുന്നത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ ലിസ്റ്റില്‍ നിന്നും നിയമനം നടത്തരുതെന്നും ട്രൈബ്യൂണലിന്‍റെ ഉത്തരവില്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷയില്‍ സെന്‍റര്‍ മാറ്റി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും അപേക്ഷിച്ച നസീമിനും ശിവരഞ്ജിത്തിനും തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് നേരെ നടന്ന വധശ്രമക്കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും രണ്ടാം പ്രതി നസീമിനു ഇരുപത്തിയെട്ടാം റാങ്കുമാണ് പരീക്ഷയില്‍ കിട്ടിയത്.

Kerala administrative tribunal
Comments (0)
Add Comment