അഭ്രപാളിയിലെ ആക്ഷന്‍ ഹീറോ; അനശ്വര നടന്‍ ജയന് ഇന്ന് 85-ാം ജന്മദിനം

 

മലയാളികള്‍ക്ക് അഭിനയത്തിന്‍റെ അഥവാ സിനിമയുടെ ആവേശം നല്‍കിയ കലാകാരന്‍റെ 85-ാം ജന്മവാര്‍ഷികമാണിന്ന്. 120 ലധികം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയന്‍. ജയന്‍ എന്ന നടന്‍റെ പ്രതീകമായി മാറിയ ബെല്‍ ബോട്ടം പാന്‍റും കൂളിംഗ് ഗ്ലാസും സ്റ്റൈലും യുവത്വത്തിനിന്നും പ്രിയപ്പെട്ടതാണ്.

കൃഷ്ണന്‍ നായര്‍ എന്ന പേരിലെ ജയന്‍ എന്ന നടന്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ആക്ഷന്‍ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളില്‍ സ്വഭാവ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഓര്‍മകളില്‍ മാത്രം നിലനില്‍ക്കുന്ന ജയന്‍ എന്ന നടന്‍റെ ജന്മദിനം ഓര്‍ക്കുകയാണിന്നും മലയാളികള്‍.

നടനെന്ന നിലയില്‍ അറിയപ്പെട്ടപ്പോഴും പതിനഞ്ച് വര്‍ഷക്കാലം നാവികസേന ഓഫീസറായി സേവനമനുഷ്ടിച്ചിരുന്നു. പതിനഞ്ച് വര്‍ഷത്തെ നാവിക ജീവിതം ജയന് ജീവിതാനുഭവങ്ങളുടെ വലിയ പാഠങ്ങളായിരുന്നു. 70 കളിലെ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു അദ്ദേഹം. എന്നും സാഹസികത മുന്‍നിര്‍ത്തിയുള്ള അഭിനയ ശൈലിയും അദ്ദേഹത്തിന്‍റെ സവിശേഷതയാണ്. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ നായകനെന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം. 1974ല്‍ ശാപമോക്ഷം ജേസി എന്ന ചിത്രത്തിലൂടെയാണ് ജയന്‍ ചലച്ചിത്ര ലോകത്ത് ചുവട് വെച്ചത്.

ശരപഞ്ജരം, കഴുകന്‍, മീന്‍, അങ്ങാടി, കാന്തവലയം, നായാട്ട്, കരിമ്പന എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങളാണ്. 41ആം വയസില്‍ തന്‍റെ പ്രശസ്തിയുടെ കൊടുമുടിയിലായിരിക്കവേയാണ് മരണത്തിന് കീഴടങ്ങിയത്. കോളിളക്കം എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹെലികോപ്ടര്‍ ഉള്‍പ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സംഭവിച്ച അപകടത്തിലാണ് ജയന്‍ എന്ന നടനെ ന്ഷ്ടമായത്. ശബ്ദ ഗാംഭീര്യത്താല്‍ തന്നെ മറ്റ് നായകന്‍മാരില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ജയനെ ജനകീയ നടനാക്കിത്തീര്‍ത്തത് അങ്ങാടി എന്ന ചിത്രമാണ്. മലയാളികളും സിനിമാ ലോകവും എന്നും ഓര്‍ക്കും ആ അനശ്വര കലാകാരനെ.

Comments (0)
Add Comment