കണ്ണൂർ: എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനി തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ‘എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഓയാസിസ് കമ്പനിയുമായി സംസാരിച്ചിട്ടാണൊ മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കണം. സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുന്നു. ഇക്കാര്യത്തില്‍ സി പി ഐ നിലപാട് വ്യക്തമാക്കണം’. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ ചവറ്റ് കൊട്ടയില്‍ എറിഞ്ഞുകൊണ്ട് കുത്തക മുതലാളിമാരുടെ ഏജന്‍റായി പിണറായി വിജയന്‍ മാറിയതായും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.
‘കടുത്ത ജലക്ഷാമമാണ് എലപ്പുള്ളിയില്‍. കുടിവെള്ള ക്ഷാമം നേരിടുന്ന ഈ മഴനിഴല്‍ പ്രദേശത്ത് മദ്യ നിര്‍മ്മാണ കമ്പനി തുടങ്ങേണ്ട ആവശ്യം എന്ത്. സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുന്നു. 2022ലും ഒയാസിസ് കമ്പനി അപേക്ഷിച്ചിരുന്നു. പക്ഷെ തള്ളി കളഞ്ഞു. ഒയാസിസിന് വേണ്ടി മദ്യനയത്തില്‍ മാറ്റം വരുത്തി’. എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഓയാസിസ് കമ്പനിയുമായി സംസാരിച്ചിട്ടാണൊ മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
‘പൊതുമേഖല സ്ഥാപനത്തിന് അനുമതി കൊടുക്കാതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയത്. 10 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന കമ്പനിക്ക് അനുമതി നല്‍കിയത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമല്ല. പ്ലാച്ചിമടയില്‍ കൊക്കകോളയ്ക്ക് എതിരായ പോരാട്ടം വി എസ് നടത്തി. ഇപ്പോള്‍ വി എസ്സിനോടുള്ള ബഹുമാനം കൂടി വരികയാണ്. ഒരു കമ്യൂണിസ്റ്റ്കാരനല്ല താനെന്ന് പിണറായി വിജയന്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ’്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ ചവറ്റ് കൊട്ടയില്‍ എറിഞ്ഞുകൊണ്ട് കുത്തക മുതലാളിമാരുടെ ഏജന്‍റായി പിണറായി വിജയന്‍ മാറിയതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം റേഷന്‍ കട സമരത്തിലും അടിയന്തരമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും റേഷന്‍ വിതരണ മേഖല സ്തംഭിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. പുനസംഘടന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.