ആളെക്കൊല്ലി കടുവ ചത്തു; പഞ്ചാരക്കൊല്ലി ഉണര്‍ന്നത് ആശ്വാസ വാര്‍ത്ത കേട്ട്

Jaihind News Bureau
Monday, January 27, 2025

മാനന്തവാടി: തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ നരഭോജി കടുവയെന്ന് പ്രഖ്യാപിച്ച ആളെക്കൊല്ലി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലില്‍ വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ് കടുവയെ ചത്തനിലയില്‍ കണ്ടത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയില്‍ ജഡം കണ്ടത്. കഴിഞ്ഞ ദിവസം രാധ എന്ന സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണ് ചത്തതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ ഓഫീസ് അറിയിച്ചു.

ശരീരത്തിലുള്ള ആഴമേറിയ മുറിവുകളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമാണ് മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കുക. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവയെ വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഇന്നലെ ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവിന്‍മേല്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കാടുകയറിയുള്ള പരിശോധനയിലായിരുന്നു. ഇതിനിടെയാണ് പഞ്ചാരക്കൊല്ലിയില്‍ ആശ്വാസമായി നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.

വനംവകുപ്പ് താല്‍കാലിക വാച്ചറായ അപ്പച്ചന്‍റെ ഭാര്യയാണ് കടുവ ആക്രമണത്തില്‍ മരിച്ച രാധ. കാപ്പി പറിക്കാന്‍ തോട്ടത്തില്‍ പോയപ്പോഴാണ് രാധയെ കടുവ കൊന്നതെന്നാണ് ലഭിച്ച വിവരം. നൂറ് മീറ്ററോളം മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി പകുതി ഭക്ഷിച്ച നിലയിലാണ് തണ്ടര്‍ബോള്‍ട്ട് സംഘം  കണ്ടെത്തിയത്.