ശശിയ്‌ക്കെതിരെയുള്ള നടപടി കണ്ണില്‍ പൊടിയിടാന്‍ : മുല്ലപ്പള്ളി

webdesk
Monday, November 26, 2018

Mullappally-Ramachandran

പീഡനപരാതിയില്‍ പി.കെ. ശശിയെ ആറു മാസം സസ്‌പെന്‍ഡു ചെയ്തുകൊണ്ടുള്ള സിപിഎം നടപടി സമൂഹത്തിന്റെ കണ്ണില്‍പൊടിയിടാന്‍ മാത്രമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീ സുരക്ഷയുടെ പേരും പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍, നവോത്ഥാനമൂല്യങ്ങള്‍ക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ സദാചാരമൂല്യങ്ങള്‍പോലും ചീന്തിയെറിഞ്ഞത്. ഒരു സ്ത്രീപീഡകനെ പിടിച്ച് നവോത്ഥാന നേതാവാക്കാന്‍ സിപിഎമ്മിനു മാത്രമേ കഴിയൂവെന് മുല്ലപ്പള്ളി പറഞ്ഞു.

സംഭവത്തില്‍ എംഎല്‍എ കുറ്റക്കാരനാണെന്ന് പാര്‍ട്ടി കണ്ടെത്തിയിക്കുകയാണ്. അതുകൊണ്ട് യുവതി നല്കിയ പരാതി പാര്‍ട്ടി ഉടനടി പോലീസിനു കൈമാറുകയും പീഡനത്തിനു കേസ് എടുക്കുകയുമാണു വേണ്ടത്. എംഎല്‍എയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യുകയും വേണം. ഇതാണു സിപിഎമ്മില്‍ നിന്നു പ്രതീക്ഷിക്കുന്ന സാമാന്യ മര്യാദ. അതിനു തയാറല്ലെങ്കില്‍ ശശിക്കെതിരേ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുമെന്നു മുല്ലപ്പള്ളി പറഞ്ഞു.

സ്ത്രീ സുരക്ഷയെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും സിപിഎം ഇനിയൊരക്ഷരം മിണ്ടിപ്പോകരുതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശി, എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും കണ്ണില്‍പ്പൊടിയിടാനുള്ള നടപടികള്‍ സ്വീകരിച്ച് അവരെയെല്ലാം അതിവേഗം തിരിച്ചെടുക്കുകയും പരാതിക്കാരെ ഇല്ലാതാക്കുകയുമാണ് സിപിഎം ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.