ഷാനിമോള്‍ ഉസ്മാനെതിരായ അധിക്ഷേപ പരാമർശം: മന്ത്രി ജി സുധാകരന് KSU സംസ്ഥാന സെക്രട്ടറി അഡ്വ. ശില്‍പയുടെ കത്ത്

Jaihind Webdesk
Sunday, October 6, 2019

അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെ  കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ശിൽപ. പ്രതിഷേധം അറിയിച്ച് മന്ത്രി ജി സുധാകരന് ശില്‍പ കത്ത് അയച്ചു. രാഷ്ട്രീയ പരിജ്ഞാനവും സാമൂഹ്യ പ്രതിബദ്ധതയും സ്ത്രീത്വത്തിന്‍റെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കുന്ന വനിതാ നേതാവായ ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രിയുടെ പൂതന പ്രയോഗം നല്ല ഉദ്ദേശത്തോടുകൂടിയല്ലെന്ന് ശില്‍പ കുറ്റപ്പെടുത്തി. മറ്റ് രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ശില്‍പ കത്തില്‍ ആവശ്യപ്പെടുന്നു.

ശില്‍പയുടെ കത്തിന്‍റെ പൂർണരൂപം:

ബഹുമാനപ്പെട്ട ജി. സുധാകരൻ സാർ,

അരൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീമതി. ഷാനിമോൾ ഉസ്മാനെ പറ്റി പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ലന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രിയായ അങ്ങ് ഒരു കുടുംബയോഗത്തിൽ പ്രസംഗിച്ചത് കേട്ടു.സ്ത്രീ സംരക്ഷണവും നവോത്ഥാനവും ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാരാണെന്നാണ് കേരളം ഭരിക്കുന്നതെന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്നവരാണ് നിങ്ങൾ.ശ്രീമതി കെ.ആർ ഗൗരിയമ്മ 9 തവണ പ്രതിനിധാനം ചെയ്ത മണ്ഢലമാണ് അരൂർ. കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെ എന്ന മുദ്രാവാക്യം കേരളത്തിൽ അങ്ങോളം അലയടിച്ചതിനു ശേഷം പീന്നീട് എന്തു നടന്നു എന്നുള്ളത് ‘മഹത്തായ’ കമ്യൂണിസ്റ്റ് ചരിത്രവും.

ലോക് സഭ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു പ്രചാരണ വീഡിയോയിലെ ഒരു പരാമർശത്തിന് നിമിഷ നേരം കൊണ്ട് കേസെടുക്കുകയും എന്നാൽ പ്രഥമ ദൃഷ്ട്യാ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ വിജയരാഘവനെതിരെ ഒരക്ഷരം ഉരിയാടാത്ത വനിതാ കമ്മീഷനും ഇവിടെയുണ്ട്. പൊതുജനം വിലയിരുത്തട്ടെ.

കംസന്റെ ആജ്ഞാനുസരണം ശിശുവായിരുന്ന ശ്രീകൃഷ്ണനെ കൊല്ലുക എന്ന ദൗത്യവുമായി വശ്യമനോഹര രൂപം പൂണ്ട് അമ്പാടിയിൽ എത്തി മാതാവായ യശോദ അടുത്തില്ലാതിരുന്ന തക്കത്തിൽ നന്ദഗോപഗൃഹത്തിൽ പ്രവേശിച്ച് കൃഷ്ണനെ കൊല്ലാൻ ശ്രമിക്കുകയും അവസാനം സ്വയം കൊല്ലപ്പെടുകയും ചെയ്യുന്ന രാക്ഷസിയാണ് പൂതന.എന്തായാലും പൂതന പ്രയോഗം നല്ല ഉദ്ദേശത്തോടെയാണെന്ന് വിചാരിക്കാൻ നിർവ്വാഹമില്ല.ഇങ്ങനെ ഉപമിക്കത്തക്കവിധം മാനുഷീക മൂല്യങ്ങൾ നശിച്ച ഒരാളല്ല ശ്രീമതി ഷാനിമോൾ ഉസ്മാൻ.രാഷ്ട്രീയ പരിജ്ഞാനവും സാമൂഹ്യ പതിബദ്ധതയും സ്ത്രീത്വത്തിന്റെ അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കുന്ന കേരള സമൂഹത്തിൽ അറിയപ്പെടുന്ന വനിതാ നേതാവാണ്.

ഇതര രാഷ്ടീയ നേതാക്കളെ പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങളുമായി ഉപമിക്കൽ നിർത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ അങ്ങ് പൊട്ടിപൊളിഞ്ഞ റോഡുകളിൽ മരിക്കുന്നവരെ ഓർത്തെങ്കിലും സ്വയം ഭസ്മാസുരനാകാതെ തന്റെ കർത്തവ്യത്തിൽ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.