മലയാള നിരൂപണ നഭസിലെ ജ്വലിക്കുന്ന നക്ഷത്രങ്ങളിലൊന്നായിരുന്നു പ്രൊഫ എം കെ സാനു എന്ന പ്രിയപ്പെട്ട സാനുമാഷെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മലയാള സാഹിത്യത്തെ എണ്ണമറ്റ പുസ്തകങ്ങളിലൂടെ അദ്ദേഹം സമ്പുഷ്ടമാക്കി. അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിന് തീരാത്ത നഷ്ടമാണ്. അദ്ദേഹം നിയമസഭാ സാമാജികനായിരുന്ന കാലത്ത് എന്നോടും കാര്‍ത്തികയനോടും പന്തളം സുധാകരനോടും ഒക്കെ ഒരു പ്രത്യേക സ്‌നേഹം വെച്ച് പുലര്‍ത്തിയിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ഒക്കെ ചെയ്യുമായിരുന്നു. നിയമസഭയില്‍ പോലും ഒരു രാഷ്ട്രീയ വാശി അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണഗുരുദര്‍ശനങ്ങളായിരുന്നു സാനു മാഷിന്റെ ചിന്തയുടെ കാതല്‍. അക്ഷരംകൊണ്ടും അറിവുകൊണ്ടും വാക്കുകള്‍ കൊണ്ടും സാനു മാഷ് ഒരു കാലഘട്ടത്തെ പ്രചോദിപ്പിച്ചു. ഓരോ പുസ്തകങ്ങളും അറിവുകളുടെ നിറകുടമായി. അക്കാദമി രംഗത്തും സാഹിത്യരംഗത്തും തന്റെ സാന്നിധ്യം ഒരുപോലെ തെളിയിച്ച മഹാരഥന്മാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചിച്ചു.