പുതുമുഖ കോണ്‍ഗ്രസിലേക്കുള്ള വഴിവെളിച്ചങ്ങള്‍: അമരീന്ദര്‍ സിങ്‌ എഴുതുന്നു

Jaihind Webdesk
Thursday, July 11, 2019

 

കോണ്‍ഗ്രസ് പാര്‍ട്ടി ഇന്നൊരു വഴിത്തിരിവിലാണ്. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് രാഹുല്‍ഗാന്ധി രാജിവെച്ചത് ‘ഇനിയെന്ത്?’ എന്ന നിരവധി കണക്കുകൂട്ടലുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നത് സ്വാഭാവികമാണ്. എന്നാലും ചില മറുപടികളിലും പ്രതികരണങ്ങളിലും ചെറിയൊരു അസ്വഭാവികതകളും ഉണ്ടായേക്കാം.  എല്ലാത്തിലുമുപരി കോണ്‍ഗ്രസ് എന്ന ശ്രേഷ്ഠ പുരാതന പാര്‍ട്ടി ദോഷൈകദൃക്കുകള്‍ക്ക് എഴുതിത്തോല്‍പ്പിക്കാനുള്ള വെല്ലുവിളികളെ നേരിടുന്നത് ഇതാദ്യമായല്ല. മഹാത്മഗാന്ധിയുടെ കൊലപാതകവും ഇന്ദിരാഗാന്ധിക്കെതിരെയുണ്ടായ കലാപവും ഒക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന് ഉദാഹരണങ്ങളാണ്. എന്നിട്ടും നമുക്കറിയാം ഓരോ പ്രതിസന്ധികളില്‍ നിന്നും തകരുമെന്ന പ്രവചനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിയോടെ തിരികെയെത്തിയതും ഇന്ത്യയെ നയിച്ചതും നമുക്ക് അറിയാവുന്നതാണ്. അതുതന്നെയായിരിക്കും ഇപ്പോഴും സംഭവിക്കാന്‍ പോകുന്നതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്.

രാഹുല്‍ഗാന്ധിയുടെ രാജിയോടെയുണ്ടായ കോലാഹലങ്ങള്‍ അടങ്ങുമ്പോഴേക്കും കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ ഒരു പാര്‍ട്ടിയായി മാറുന്നത് ദര്‍ശിക്കാനാകും. ഇത് സംഭവിക്കുന്നത് ഗാന്ധി കുടുംബത്തിന്റെ ദീര്‍ഘവീക്ഷണ മാര്‍ഗ്ഗദര്‍ശനത്തോടെയായിയിരിക്കും. ഈ കാലയളവില്‍ രാഹുല്‍ഗാന്ധിയും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും കുടുംബ പാരമ്പര്യത്തിന്റെ ശക്തിയോടെ പാര്‍ട്ടിയെ പുതിയ ഉന്നതികളിലേക്ക് നയിക്കുകയും ചെയ്യുന്ന വര്‍ഷമാണ് ഇനി സംഭവിക്കാന്‍ പോകുന്നത്. പാര്‍ട്ടിയില്‍ പുതുമുഖങ്ങള്‍ക്കായി തേടുമ്പോഴും ഗാന്ധികുടുംബം കോണ്‍ഗ്രസ് പാര്‍ട്ടിയെ കെട്ടിപ്പെടുക്കുന്നതിന് നല്‍കിയ സംഭാവനകളെ അവഗണിക്കാനാകില്ല.

‘പുതുമുഖം’ എന്ന മുദ്രാവാക്യമാണ് ഈ അവസരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കാംക്ഷിക്കുന്നത്. എന്നുവെച്ചാല്‍ ഉപരിപ്ലവമായ ഒരു മാറ്റമല്ല തായ്വേരുവരെ നീളുന്ന മാറ്റമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ഗാന്ധി പാകിയ വിത്തിനെ പരിപോഷിപ്പിക്കാനും വളര്‍ത്താനുമായുള്ള പ്രയത്‌നമാണ് ശ്രേഷ്ഠ പുരാതന പാര്‍ട്ടിയുടെ പ്രവര്‍ത്തകരെന്ന നിലയില്‍ നാം ചെയ്യേണ്ടത്. രാജ്യത്തെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്ത് രാഹുല്‍ഗാന്ധി നല്‍കിയ പുത്തന്‍ രാഷ്ട്രീയത്തിന്റെയും ദിശാബോധത്തിന്റെയും ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. കൂടുതല്‍ ആവേശത്തോടെ, ആര്‍ജ്ജവത്തോടെ ഉയര്‍ച്ചയിലേക്കുള്ള പാതകള്‍ തേടുകയെന്നതിനാണ് ഇപ്പോഴത്തെ സമയം.
ഈ സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ ഒരു യുവ നേതാവിനെ വേണമെന്ന് ഞാന്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഈ ലേഖനത്തില്‍ ഞാന്‍ അതുവിശദീകരിക്കാം. സ്വാതന്ത്ര്യാനന്തര ഇന്ത്യ വളരെയധികം മുന്നോട്ടുനീങ്ങിയിരിക്കുന്നു. യുവാക്കള്‍ക്ക് പ്രാധിനിധ്യം വര്‍ദ്ധിച്ചിരിക്കുന്ന ഒരു ഇന്ത്യയാണ് ഇന്നുള്ളത്. രാഷ്ട്രീയ ഭൂമികയിലും പ്രകടമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ചെറുകിട പ്രാദേശിക പാര്‍ട്ടികള്‍ ആവിര്‍ഭവിച്ചിരിക്കുന്നത്. ഇന്ന് 65 ശതമാനം യുവാക്കളാല്‍ സമൃദ്ധമായ ഒരു ജനസംഖ്യയാണ് ഇന്ത്യയ്ക്കുള്ളത്. ആ ജനവിഭാഗത്തിന്റെ പ്രതീക്ഷകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും പ്രകടമായ വ്യത്യാസങ്ങളുണ്ട്.

കോണ്‍ഗ്രസിന്റെ ഭാവിയിലേക്കുവേണ്ടി സാന്ദര്‍ഭിക പശ്ചാത്തലം ഒരുക്കേണ്ടതുണ്ട്. വലിയൊരു യുവജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന അവരുടെ വീക്ഷണങ്ങളും ഊര്‍ജ്ജവും യുവാക്കളുടെ അഭിലാഷങ്ങളിലേക്ക് നയിക്കേണ്ടതുണ്ട്. വളരെ ആവശ്യമുള്ള തായ് വേരുകളിലേക്ക് ബന്ധം സ്ഥാപിക്കാന്‍ ഒരു യുവനേതൃത്വം ആവശ്യമാണ്.
നേരത്തെ പറഞ്ഞതുപോലെ രാഹുല്‍ഗാന്ധി യുവകോണ്‍ഗ്രസിന് അടിത്തറ പാകിക്കഴിഞ്ഞു. ആ അടിത്തറയ്ക്ക് ശക്തിപകരാന്‍ മറ്റൊരു യുവനേതൃത്വത്തെ നിയമിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുസമൂഹത്തിന്റെ പരിച്ഛേദമാകേണ്ട ഒരു നേതൃത്വമാണ് ഉണ്ടാകേണ്ടിയിരിക്കുന്നത് (ജനസംഖ്യയുടെ ഭൂരിപക്ഷം 45 വയസ്സിന് താഴെയാണ്). രാജ്യത്തെ സുന്ദരമായ ഭാവിയിലേക്ക് നയിക്കാന്‍ രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടത്. അതുതന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും ചെയ്യേണ്ടത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമീപവര്‍ഷങ്ങളായി കഴിവുതെളിയിച്ച യുവനേതാക്കള്‍ ദൗര്‍ലഭ്യമല്ലായെന്നുള്ളത് സന്തോഷകരമായ ഒരുകാര്യമാണ്. അതില്‍നിന്ന് ഒരു പേര് നിര്‍ദ്ദേശിക്കുവാന്‍ പ്രയാസമുണ്ടാകില്ല. പക്ഷേ ചെയ്യേണ്ടത് ഈ ഒരു വഴിമാത്രമാണ് കോണ്‍ഗ്രസിന് അതിജീവിക്കുന്നതിനും വളരുന്നതിനും ഉള്ളൂവെന്നത് അംഗീകരിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്താന്‍ മാറ്റങ്ങളുടെ സ്വഭാവം ഉള്‍ക്കൊള്ളാന്‍ തയ്യാറാകേണ്ടതാണ്. കൂടാതെ പ്രാദേശിക പാര്‍ട്ടികളുടെ രൂപീകരണവും പ്രാദേശിക നേതാക്കളുടെ ഉയര്‍ച്ചയും രാഷ്ട്രീയ ഭൂമികയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വസ്തുതകളെ അവഗണിക്കുന്നത് സ്വന്തം കുഴിതോണ്ടുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഈ വസ്തുതയെ അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്.
പ്രാദേശിക രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് അതാത് പ്രദേശത്തെ നേതാക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നതാണ് എന്റെ അഭിപ്രായം. ഇത്തരം നീക്കങ്ങള്‍ ഇന്ത്യയൊട്ടാകെ ജനങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതിന് കൂടുതല്‍ സഹായകരമാകും. പഞ്ചാബില്‍ നാം ഇതുകണ്ടതാണ്. പാര്‍ട്ടി നേതൃത്വം എന്നെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത് 2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതിന് മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പിലും മേല്‍ക്കൈ പുലര്‍ത്താന്‍ ആയി എന്നുള്ളത്.
ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും മാറ്റമില്ലാത്തത് മാറ്റങ്ങള്‍ക്കാണ്. മാറ്റമില്ലാതെ പുരോഗതിയുണ്ടാകില്ല. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇതിന് സാക്ഷ്യം വഹിച്ചതാണ്. നമ്മുടെ പരാമ്പര്യവാദങ്ങളെ നമുക്ക് നിര്‍ത്തിവെയ്ക്കാം. മാറ്റമുണ്ടാകണമെന്ന വാദങ്ങള്‍ മാത്രമല്ല അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുമാണ് നാം തയ്യാറേകണ്ടത്.