യുഎഇയില്‍ ഒരു ദിനം 1723 കൊവിഡ് കേസുകളുമായി വന്‍ വര്‍ധന ; അടുത്തക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Jaihind News Bureau
Wednesday, December 30, 2020

ദുബായ് : യുഎഇയില്‍ ബുധനാഴ്ച കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 1723 കേസുകളുമായി ഒരു ദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ദിനമായി ഡിസംബര്‍ 30 മാറി. അടുത്തക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ് ഈ കണക്കുകളെന്ന് അറിയുന്നു.

ഇതോടെ, യുഎഇയില്‍ ഇതുവരെ രോഗം വന്നവര്‍ 2,06,092 ആയി കൂടി. മൂന്ന് പേര്‍ മരിച്ചതോടെ, ആകെ മരണം 665 ആയി. ബുധനാഴ്ച 1607 പേര്‍ക്ക് രോഗമുക്തി ലഭിച്ചതോടെ, ഇതുവരെ യുഎഇയില്‍ രോഗം മാറിയവര്‍ 1,83,007 ആണ്. അതേസമയം, 22,420 പേര്‍ രാജ്യത്ത് കൊവിഡിന് ചികിത്സയിലുണ്ട്. 2 കോടി 70 ലക്ഷം പേരില്‍ ഇതുവരെ കൊവിഡ് ടെസ്റ്റ് രാജ്യം നടത്തിക്കഴിഞ്ഞു.