സില്‍വർലൈന്‍ ഡിപിആര്‍ സഭയില്‍ വെച്ചെന്ന് മുഖ്യമന്ത്രി; അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നല്‍കി അന്‍വർ സാദത്ത് എംഎല്‍എ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റായ ഉത്തരം നൽകിയെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി. സില്‍വർലൈന്‍ ഡിപിആറിന്‍റെ പകര്‍പ്പ് സഭയില്‍ നല്‍കി എന്ന് പറഞ്ഞെങ്കിലും നല്‍കിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.

സിൽവർ ലൈനിന്‍റെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപ്പെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിശദീകരണം. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. അന്‍വര്‍ സാദത്ത് നല്‍കിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡിപിആറിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചത്. ‘തിരുവന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍ പാതയുടെ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടിന്‍റേയും റാപ്പിഡ് എന്‍വയോണ്‍മെന്‍റ് ഇംപാക്ട് സ്റ്റഡി റിപ്പോര്‍ട്ടിന്‍റേയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ? ഇവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ’ എന്നായിരുന്നു അന്‍വര്‍ സാദത്തിന്‍റെ ചോദ്യം.

ഇതിന് ഒക്ടോബര്‍ 27 ന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെയാണ്.’സില്‍വര്‍ ലൈന്‍ പാതയ്ക്കായുള്ള ദ്രുത പരിസ്ഥിതി ആഘാത പഠനം, ഡിപിആര്‍ എന്നിവയുടെ പകര്‍പ്പ് അനുബന്ധമായി (സിഡിയില്‍) ഉള്ളടക്കം ചെയ്യുന്നു. അവ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്’

എന്നാല്‍ മേല്‍പ്പറഞ്ഞ സിഡിയിലെ വിവരങ്ങള്‍ ഇ-നിയമസഭ മുഖേനയോ അല്ലാതെയോ നാളിതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് അന്‍വർ സാദത്ത് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

Comments (0)
Add Comment